കൊലവിളി പ്രസംഗം നടത്തിയവർക്കെതിരേ നടപടിയില്ല: പോസ്റ്റ് ഷെയർ ചെയ്ത കോൺഗ്രസ് നേതാവിനെതിരേ കേസ്
1460913
Monday, October 14, 2024 4:53 AM IST
നാദാപുരം: എടച്ചേരി മണ്ഡലം കോൺഗ്രസ് നേതാവിനെതിരേ കൊലവിളി പ്രസംഗം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ കേസെടുക്കാതെ പരാതിക്കാരനെതിരേ കേസെടുത്ത്എടച്ചേരി പോലീസ്. കഴിഞ്ഞ മാസം 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൂത്തുപറമ്പ് സമരനായകൻ പുഷ്പൻ മരിച്ച ദിവസം വാട്സാപ്പ് ഗ്രൂപ്പിൽ വന്ന പോസ്റ്റ് എടച്ചേരിയിലെ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത് പ്രചരിപ്പിച്ചെന്ന് പറഞ്ഞാണ് എടച്ചേരി കച്ചേരി ആറാം വാർഡിലെ മുൻ മെമ്പറും മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റുമായ നിജേഷ് കണ്ടിയിലിനെതിരേ എടച്ചേരി പോലീസ് കേസെടുത്തിരിക്കുന്നത്.
ഇതേ തുടർന്ന് നിജേഷിന്റെ വീട്ടിലേക്ക് സെപ്റ്റംബർ 29ന് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകോപനമുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെ 30 ന് നടത്തിയ പ്രതിഷേധയോഗത്തിലാണ് കൊലവിളി പ്രസംഗം നടന്നത്. "വീട്ടിൽ കയറി തല്ലും വേണമെങ്കിൽ കൈയും കാലും വെട്ടുമെന്നും' പോസ്റ്റ് കണ്ട് പുളകം കൊള്ളുന്ന കോൺഗ്രസുകാരെ കൈകാര്യം ചെയ്യുമെന്ന മുന്നറിപ്പുമാണ് പ്രസംഗത്തിലുടനീളം ഉണ്ടായിരുന്നത്.
ഇതിന്റെ വീഡിയോ ഉൾപ്പെടെ ഒക്ടേബർ ഒന്നിന് എടച്ചേരി പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയിട്ടാണ് നിജേഷ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്. അന്ന് തന്നെ സ്റ്റേഷനിൽ എത്തിയ കോൺഗ്രസ് നേതാക്കളോട് രണ്ട് പരാതികളും പരിശോധിച്ചു വരുന്നതായാണ് പോലീസ് അറിയിച്ചത്.
എന്നാൽ പ്രകോപന പ്രസംഗത്തിന്റെ പേരിൽ കേസെടുക്കാൻ കഴിയില്ലെന്നും കോടതിയെ സമീപിക്കാനാണ് എടച്ചേരി പോലീസ് അധികാരികൾ പിന്നീട് നിജേഷിനോട് പറഞ്ഞത്.കലാപാഹ്വാനം നടത്തിയെന്ന് പറഞ്ഞ് സെപ്റ്റംബർ 29 ന് തന്നെ നിജേഷ് കണ്ടിയിലിനെതിരേ എടച്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പോലീസ് നടപടി വിവാദമായിട്ടുണ്ട്.