വയനാട് ഉപതെരഞ്ഞടുപ്പ്; ഒരുക്കംതുടങ്ങി കോണ്‍ഗ്രസ്
1459801
Tuesday, October 8, 2024 8:36 AM IST
നിലമ്പൂര്‍: വയനാട് ഉപതെരഞ്ഞടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി മുന്നൊരുക്ക യോഗങ്ങള്‍ വിവിധ മണ്ഡലങ്ങളില്‍ സജീവമാക്കി. മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഏഴ് നിയോജക മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് 2009 ല്‍ രൂപം കൊണ്ട വയനാട് ലോക്സഭാ മണ്ഡലം. വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. രാഹുല്‍ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
രാഹുലിന് പകരം പ്രിയങ്കഗാന്ധിയായിരിക്കും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. ഭൂരിപക്ഷം കൂട്ടാനുള്ള ശ്രമമാണ് കോണ്‍ഗ്രസും യുഡിഎഫും നടത്തുന്നത്. നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജക മണ്ഡലങ്ങളില്‍ പ്രിയങ്കാഗാന്ധിയെ വയനാട്ടിലേക്ക് സ്വാഗതം ചെയ്ത്കൊണ്ടുള്ള ബോര്‍ഡുകള്‍ വ്യാപകമായി വച്ചിട്ടുണ്ട്.
മാനന്തവാടിയില്‍ സിപിഎമ്മിന്റെ ഒ.ആര്. കേളു, സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണന്, കല്‍പ്പറ്റയില്‍ കോണ്‍ഗ്രസിലെ ടി. സിദീഖ്, തിരുവമ്പാടിയില്‍ സിപിഎമ്മിലെ ലിന്റോ ജോസഫ്, ഏറനാട് മുസ്ലിം ലീഗിലെ പി.കെ. ബഷീര്‍, നിലമ്പൂരില്‍ പി.വി. അന്‍വര്‍, വണ്ടൂരില്‍ കോണ്‍ഗ്രസിലെ എ.പി. അനില്‍കുമാര്‍ എന്നിവരാണ് എംഎല്‍എമാര്‍.
2024 ല്‍ മൊത്തം വോട്ടിന്റെ 59.69 ശതമാനമാണ് രാഹുല്‍ഗാന്ധി നേടിയിരുന്നത്. തൊട്ടടുത്ത് എതിര് സ്ഥാനാര്‍ഥി സിപിഐയിലെ ആനിരാജക്ക് 26.09 ശതമാനം വോട്ടു നേടാനേ കഴിഞ്ഞുള്ളു. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് 13 ശതമാനം വോട്ടും ലഭിച്ചു.
വയനാട് മണ്ഡലം രൂപംകൊണ്ട നാള് മുതല്‍ കോണ്‍ഗ്രസ് മാത്രമമാണ് വിജയിച്ചത്. 2019 ലും 2014 ലും രാഹുല്‍ഗാന്ധി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2009 ലും 2014 ലും കോണ്‍ഗ്രസിന്റെ എം.ഐ. ഷാനവാസാണ് വിജയിച്ചിരുന്നത്.
2019 ല്‍ രാഹുല്‍ഗാന്ധിയുടെ എതിരാളി സിപിഐയിലെ പി.പി. സുനീര്‍ ആയിരുന്നു. 7,06,367 വോട്ട് രാഹുല്‍ഗാന്ധി നേടിയപ്പോള്‍ സുനീര്‍ 2,74,597 വോട്ടു മാത്രമാണ് നേടിയത്. മറ്റൊരു സ്ഥാനാര്‍ഥിയായിരുന്ന തുഷാര്‍ വെള്ളാപ്പള്ളിക്ക് 78,816 വോട്ടുകള്‍ ലഭിച്ചു. 2024 ല്‍ രാഹുല്‍ഗാന്ധി നേടിയ ഭൂരിപക്ഷം മറികടന്ന് വലിയ വിജയം പ്രിയങ്കാഗാന്ധിക്ക് ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസും യുഡിഎഫ് നേതൃത്വവും. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ എഐസിസി ചുമതല നല്കിയ ആന്റോ ആന്റണി എംപി യോഗം ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ബ്ലോക്ക് പ്രസിഡന്റ് പാലോളി മെഹബൂബ്, അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് വി.എസ് ജോയി, കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്, വി.എ. കരീം, എന്‍.എ. കരീം, എ. ഗോപിനാഥ്, ബാബു തോപ്പില്‍, പി.ജി. രാജഗോപാല്‍, പി. പുഷ്പവല്ലി, എം.കെ. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.