കളവ് കേസിലെ പ്രതികള്‍ മണിക്കൂറുകള്‍ക്കകം പോലീസ് പിടിയില്‍
1459793
Tuesday, October 8, 2024 8:36 AM IST
കോഴിക്കോട്: പ്രായപുര്‍ത്തിയാകാത്ത കുട്ടികള്‍ അടക്കമുള്ള കളവ് കേസിലെ പ്രതികളെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. കോഴിക്കോട്, വെസ്റ്റ്ഹില്‍, കൊന്നാട് ബീച്ച്, തിരുവോണിക്കല് സൂരജിനെയും ഇയാളുടെ കൂട്ടാളികളായ രണ്ടു കുട്ടികളെയുമാണ് പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടിയത്. വടകര സ്വദേശി റയീസ് കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ച് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറന്ന് അതില്‍നിന്നും പണവും, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് മുതലായ വിലകൂടിയ രേഖകളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
വെള്ളയില്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.കോഴിക്കോട് കസബ, മെഡിക്കല്‍ കോളജ്, ചേവായൂര്‍, ഫറോക്ക്, കൊയിലാണ്ടി എന്നീ പോലീസ് സ്റ്റേഷനുകളില്‍ കളവ്, കവര്‍ച്ച കേസുകളില്‍ സൂരജ് പ്രതിയാണ്.
കസ്റ്റഡിയിലുള്ള പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കി. കളവ് നടത്തി ആര്‍ഭാടജീവിതം നയിക്കുന്ന സൂരജ് കളവും കവര്‍ച്ചയും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ മഹത്വവല്‍ക്കരിച്ചു പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ തന്റെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ കൂട്ടാളികളാക്കുകയാണ് പതിവ്.