‘പൂജയും എഴുത്തിനിരുത്തും ആര്‍ഷഭാരത സംസ്കാരത്തിന് കേരളം നല്കിയ സംഭാവന’
1459485
Monday, October 7, 2024 5:45 AM IST
കോഴിക്കോട്: ആര്‍ഷഭാരത സംസ്കാരത്തിന് ദാര്‍ശനിക തലത്തിലും ആചാരപരമായും ഭാഷയിലും സാഹിത്യത്തിലും കേരളം നല്കിയ സംഭാവന നിസ്തുലമാണെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്ന കുമാര്‍ പറഞ്ഞു. കേസരി ഭവൻ നവരാത്രി സര്‍ഗോത്സവത്തില്‍ ആര്‍ഷ സംസ്കൃതിക്ക് കേരളത്തിന്റെ സംഭാവന എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഋഷിമാരുമായി ബന്ധപ്പെട്ടാണ് ആര്‍ഷം ഭാരതത്തില്‍ അറിയുന്നത്. വേറിട്ടതിനെ യോജിപ്പിക്കുന്നതാണ്, വേറിട്ടുകാണുന്നതെല്ലാം ഒന്നാണെന്നു തിരിച്ചറിയുന്ന അറിവിന്റെ ശാസ്ത്രമാണ് ആര്‍ഷം. ആത്മീയവും ഭൗതീകവും ഒന്നു മറ്റൊന്നിന്റെ പരിപോഷകമാകുന്ന കാഴ്ചപ്പാടാണ് ആര്ഷമെന്നും അദ്ദേഹം പറഞ്ഞു. ആര്ഷസംസ്കാരത്തിന് കേരളത്തിന്റെ സംഭാവന എന്തെന്ന ചോദ്യത്തിന് ഒറ്റവാക്കിലുളള ഉത്തരം ശ്രീശങ്കരാചാര്യന്‍ എന്നാണ്.
കാലടിയെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി കവി കുഞ്ഞിരാമന് നായര്‍ കണ്ടത് അതുകൊണ്ടാണ്. ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും ചിന്മയാനന്ദസ്വാമിയും മാതാഅമൃതാനന്ദമയിയും ഉള്‍പ്പെടെയുളളവര്‍ ദാര്‍ശനിക തലത്തില്‍ ആര്‍ഷ സംസ്കൃതിക്ക് സംഭാവന നല്കി.
താന്ത്രിക ആചാരങ്ങളും അനുഷ്ഠാനങ്ങളും നവരാത്രി പൂജവയ്പും എഴുത്തിനിരുത്തും എല്ലാം ആര്ഷസംസ്കൃതക്ക് കേരളം നല്കിയ സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. അംബിക സുനീഷ് അധ്യക്ഷത വഹിച്ചു. സിനി രാജേഷ്, തുഷാര സുഭീഷ് എന്നിവർ പ്രസംഗിച്ചു.