ക്ഷാമത്തിനു പരിഹാരം; നാസിക്കിൽനിന്നു 50 രൂപയുടെ മുദ്രപത്രം എത്തിക്കാൻ അനുമതി
1459471
Monday, October 7, 2024 5:30 AM IST
കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ വിലയുടെ മുദ്രപത്രങ്ങൾക്കുള്ള ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ നാസിക്കിൽ നിന്ന് 50 രൂപയുടെ മുദ്രപത്രങ്ങൾ എത്തിക്കാൻ സർക്കാർ തീരുമാനം. സായുധരായ പോലീസുകാരുടെ അകന്പടിയോടെ 84 ബോക്സ് മുദ്രപത്രങ്ങൾ എത്തിക്കുന്നത്. 2021 സെപ്റ്റംബർ ഒന്നുമുതൽ 2022 മാർച്ച് 31 വരെയുള്ള അർധ വർഷത്തേക്ക് നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിന് ഇൻഡന്റ് നൽകിയതു പ്രകാരം അച്ചടിച്ചതിൽ കൊണ്ടുവരാൻ അവശേഷിക്കുന്നത് 50 രൂപയുടെ മുദ്രപത്രങ്ങളാണ്.
ഇത് കൊണ്ടുവരുന്നതിന് ക്ലോസ്ഡ് ട്രക്കും പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ അകന്പടി യാത്രക്കായി എസി മിനി ബസും വാടകയ്ക്ക് എടുക്കാൻ നികുതി വകുപ്പ് ലാൻഡ് റവന്യൂ കമ്മീഷണർക്ക് അനുമതി നൽകി. ട്രക്കിന്റെ സുരക്ഷക്കായി എസ്ഐ ഉൾപ്പെടെ സായുധരായ പോലീസുകാരെ നിയോഗിക്കും.
1,74,84,768 രൂപ ചെലവഴിച്ച് അച്ചടിച്ച മുദ്രപത്രങ്ങളാണ് നാസിക്കിൽ നിന്നു കൊണ്ടു വരാൻ അവശേഷിക്കുന്നത്. ഏതാനും മാസങ്ങളായി സംസ്ഥാനത്ത് 50 രൂപയുടെ മുദപത്രങ്ങൾക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. സർക്കാരിൽ നിന്നും തദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും മറ്റു ഏജൻസികളിൽ നിന്നും വിവിധ ആനുകൂല്യങ്ങൾ ലഭിക്കാനും ധനകാര്യ ഇടപാടുകൾക്കും മുദ്രപത്രങ്ങൾ അനിവാര്യമാണ്.
ചെറിയ തുകയുടെ മുദ്രപത്രങ്ങൾ കിട്ടാനില്ലാത്തതിനാൽ വലിയ തുകയുടെ മുദ്രപത്രങ്ങൾ ഉപയോഗിക്കേണ്ടി വരുന്നത് ഇടപാടുകാർക്ക് കൂടുതൽ സാന്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. ആധാരം എഴുത്തുകാരുടെ സംഘടനകളടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് 50 രൂപയുടെ മുദ്രപത്രങ്ങൾ കൊണ്ടുവരാൻ തീരുമാനം.