ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് വിപുലമായി സംഘടിപ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ്
1459465
Monday, October 7, 2024 5:29 AM IST
കോഴിക്കോട്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ്- 4 വിപുലമായി സംഘടിപ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഡിസംബര്‍ 27, 28, 29 തിയതികളിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുക. ബേപ്പൂര്‍ ബീച്ച്, ചാലിയം ബീച്ച്, ഫറോക്ക് മിനി സ്റ്റേഡിയം എന്നിവ പ്രധാന കേന്ദ്രങ്ങളാകും. ഫെസ്റ്റിന്റെ ഭാഗമായുള്ള ഭക്ഷ്യമേള ഇത്തവണ ഡിസംബര്‍ 25 മുതല്‍ 2025 ജനുവരി ഒന്നുവരെ എട്ടു ദിവസമായി നടത്തുമെന്നും മന്ത്രി പറഞ്ഞു. ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സംഘാടക സമിതി രൂപീകരണ യോഗം ബേപ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ബേപ്പൂര്‍ ഫെസ്റ്റിലൂടെ ഇന്ത്യയിലെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ബേപ്പൂരിനെ മാറ്റുകയാണ് ലക്ഷ്യം. ബേപ്പൂര്‍ മറീന, നവീകരിച്ച ചാലിയം ബീച്ച് എന്നിവയുടെ ഉദ്ഘാടനം വാട്ടര്‍ ഫെസ്റ്റിന്റെ മുന്നോടിയായി നടത്തും. വൈക്കം മുഹമ്മദ് ബഷീര്‍ കേന്ദ്രത്തിന്റെ പണി ഉടന്‍ പൂര്‍ത്തിയാകും. പുലിമുട്ടിലെ സ്തൂപം ഉള്‍പ്പെടെയുള്ള റൗണ്ടിന്റെ നവീകരണവും ഉടന്‍ പൂര്‍ത്തിയാക്കും. ബേപ്പൂര്‍ റോഡ് വികസനത്തിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
നിര്‍മാണം ഉടന്‍ ആരംഭിക്കും. ബിസി റോഡ് വീതികൂട്ടുന്ന പ്രവൃത്തിയും വൈകാതെ ആരംഭിക്കും. ചെറുവണ്ണൂര്‍ മേല്‍പ്പാലത്തിന് സ്ഥലം ഏറ്റെടുക്കല്‍ പുരോഗമിക്കുകയാണ്. ടെന്‍ഡര്‍ നടപടികള്‍ ഇതിനകം ആരംഭിച്ചു. മീഞ്ചന്ത മേല്‍പ്പാലം പ്രവൃത്തി 2025-ല്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങില്‍ ബേപ്പൂര്‍ മുനിസിപ്പാലിറ്റി നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ കെ. കൃഷ്ണകുമാരി അധ്യക്ഷയായി. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, കെടിഐഎല്‍ ചെയര്മാന് എസ്.കെ. സജീഷ്, മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ പി.സി. രാജന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. ഷൈലജ, സജിത പൂക്കാടന്‍, കൗണ്‍സിലര്‍മാരായ കെ. രാജീവ്, കെ. സുരേഷ്, വി. നവാസ്, ടി. രജനി, ഗിരിജ, പി.കെ. ഷമീന, എഡിഎം സി. മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യ രക്ഷാധികാരിയും മന്ത്രി എ. കെ. ശശീന്ദ്രന്, മേയര്‍ ബീന ഫിലിപ്പ്, എം.കെ. രാഘവന് എംപി, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി എന്നിവര്‍ രക്ഷാധികാരികളായുമുള്ള 1001 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്. ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ചെയര്‍മാനാകും. 20 സബ് കമ്മിറ്റികള്‍ക്കും രൂപം നല്കി.