ഇ-ഹെൽത്ത് പദ്ധതി വഴിയുള്ള ആരോഗ്യസേവനങ്ങൾ ജനം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ശശീന്ദ്രൻ
1459264
Sunday, October 6, 2024 5:05 AM IST
കോഴിക്കോട്: ആളുകൾ ഇ-ഹെൽത്ത് കാർഡ് എടുത്ത് കൂടുതൽ കാര്യക്ഷമവും ശാസ്ത്രീയമായ രീതിയിൽ ആരോഗ്യമേഖലയിലെ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി എ. കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. കാക്കൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ ആരോഗ്യമേഖല ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. അതിന്റെ സാക്ഷ്യപത്രമാണ് കാക്കൂർ കുടുംബാരോഗ്യ കേന്ദ്രം. അഞ്ച് വർഷം മുമ്പുണ്ടായിരുന്ന ആശുപത്രിയല്ല ഇന്നത്തേത്. പുതിയ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ രോഗികൾക്കും ലഭിക്കണം.
അതിന്റെ ഭാഗമായി നടപ്പാക്കിയ ഇ-ഹെൽത്ത് പദ്ധതിയനുസരിച്ച് വീട്ടിലിരുന്നും ഡോക്ടറുടെ സേവനം ഉറപ്പാക്കാം.
വീട്ടിലിരുന്ന് ഒപി ടിക്കറ്റ് ബുക്ക് ചെയ്യൽ, ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കൽ, ലാബ് റിസൾട്ട് ഫോണിൽ ലഭിക്കൽ എന്നിവ സാധ്യമാകും. ആശുപത്രിയിൽ അനാവശ്യമായി കാത്തുകെട്ടി കിടക്കുകയോ, ലാബ് റിസൾട്ട് വാങ്ങാൻ വീണ്ടും പോകുകയോ വേണ്ട.
ഇങ്ങനെ സമയം, അധ്വാനം എന്നിവ ലാഭിക്കുകയും കൂടുതൽ ശാസ്ത്രീയമായും കാര്യക്ഷമതയോടെയും ആരോഗ്യ സേവനം നൽകുന്നതുമായ പദ്ധതിയുമായി എല്ലാ നാട്ടുകാരും സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.