മാലിന്യ മുക്തം നവകേരളം: രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം
1459027
Saturday, October 5, 2024 5:18 AM IST
താമരശേരി:വൃത്തിയുള്ള നാടിനായി നാടൊരുങ്ങുന്നു എന്ന ശീർഷകത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച് 2025 മാർച്ച് 30ന് ലോക സീറോ വേസ്റ്റ് ദിനത്തിൽ അവസാനിക്കുന്ന "മാലിന്യ മുക്തം നവ കേരളം'ജനകീയ കാമ്പയിന്റെ രണ്ടാം ഘട്ടത്തിന് ഓമശേരി പഞ്ചായത്തിൽ തുടക്കമായി. കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരികർമ സേനാംഗങ്ങൾ, ബാലസഭ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിന്റെ അധീനതയിലുള്ള ഘടക സ്ഥാപനങ്ങൾക്ക് ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ബൊക്കാഷി ബക്കറ്റുകൾ വിതരണം ചെയ്തു. 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അറുപതിനായിരം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കുടുംബാരോഗ്യ കേന്ദ്രം, സബ് സെന്ററുകൾ, കൃഷി ഭവൻ, ഹോമിയോ ഡിസ്പെൻസറി, ആയുർവേദ ആശുപത്രി, സർക്കാർ സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് ബൊക്കാഷി ബക്കറ്റുകൾ നൽകിയത്.
കാമ്പയിനോടനുബന്ധിച്ച് ഹരിതകർമ സേനയുടെ നേതൃത്വത്തിൽ ഓമശേരി ടൗണിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.