ജില്ലയിലെ പാതയോരങ്ങളില്‍ ആറ് ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ കൂടി
1459024
Saturday, October 5, 2024 5:18 AM IST
കോഴിക്കോട്: യാത്രക്കാര്‍ക്ക് വൃത്തിയുള്ള വിശ്രമകേന്ദ്രങ്ങള്‍ എന്ന ലക്ഷ്യവുമായി ജില്ലയിലെ പാതയോരങ്ങളില്‍ ആറ് ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ കൂടി ഒരുങ്ങി. കോഴിക്കോട് കോര്പറേഷന് പരിധിയിലെ പി.ടി. ഉഷ റോഡ്, വേളം, മേപ്പയ്യൂര്‍, കിഴക്കോത്ത് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങള്‍ നാടിന് സമര്‍പ്പിച്ചു. ചെറുവണ്ണൂര്‍, ചക്കിട്ടപാറ പഞ്ചായത്തുകളിലേത് ഇന്ന് ഉദ്ഘാടനംചെയ്യും.
ഇതോടെ ജില്ലയിലെ ടേക്ക് എ ബ്രേക്കുകളുടെ എണ്ണം 64 ആകും. ഒരു മാസത്തിനകം പത്തോളം സമുച്ചയങ്ങള്‍ കൂടി നാടിന് സമര്‍പ്പിക്കുമെന്ന് ശുചിത്വ മിഷന് കോ ഓർഡിനേറ്റര്‍ അറിയിച്ചു.പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടങ്ങള്‍ ഒരുക്കിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ശുചിമുറികളുണ്ട്.
മുലയൂട്ടല്‍ കേന്ദ്രം, മുപ്പതോളം പേര്‍ക്ക് ഇരിക്കാവുന്ന കഫേ, പാര്‍ക്കിംഗ് സൗകര്യം എന്നിവയുള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടെയാണ് ടേക്ക് എ ബ്രേക്കുകള്‍ ഒരുക്കിയത്. കുടുംബശ്രീ യൂണിറ്റുകളും തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യവ്യക്തികളുമാണ് സമുച്ചയങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്.
ആരോഗ്യ കാര്‍ഡ് ഉള്‍പ്പെടെ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചവരെയാണ് പാചകജോലിയിലുള്പ്പെടെ നിയമിച്ചത്. ചെറിയ നിരക്കില്‍ വൃത്തിയുള്ളതും ആധുനികവുമായ സൗകര്യങ്ങള്‍ ലഭിക്കുമെന്നതാണ് ടേക്ക് എ ബ്രേക്കിന്റെ പ്രത്യേകത. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണിത്.
കഫേയില്‍ ചായയും പലഹാരങ്ങളും ജ്യൂസുമെല്ലാം ലഭിക്കും. നവകേരള കര്‍മപദ്ധതിയില്‍ ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിലാണ് ടേക്ക് എ ബ്രേക്കുകള്‍ ഒരുങ്ങുന്നത്.