കെഎസ്ആര്‍ടിസിയില്‍ പെന്ഷന് മുടങ്ങുന്നു : ഭീമഹര്‍ജിയുമായി ജീവനക്കാര്‍
1458574
Thursday, October 3, 2024 3:47 AM IST
കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് ഭീമഹര്‍ജി നല്കി പെന്‍ഷനേഴ്സ്.
കെഎസ്ആര്‍ടിസിയിലെ 43,000ത്തിലധികം വരുന്ന പെന്‍ഷന്‍കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആര്‍ടിസി പെന്‍ഷനേഴ്സ് മലബാര്‍ സോണ്‍ ഭാരവാഹികളാണ് 1,500 പെന്‍ഷന്‍കാര്‍ ഒപ്പുവച്ച ഭീമഹര്‍ജി ജനപ്രതിനിധികള്‍ക്കും അധികൃതര്‍ക്കും സമര്‍പ്പിച്ചത്.
പെന്ഷന് മുടങ്ങുന്നതിന് പുറമെ പെന്ഷന് പരിഷ്ക്കരണം പോലും നടത്താതെ കെഎസ്ആര്‍ടിസിയെ അവഗണിക്കുന്ന നയമാണ് സര്‍ക്കാണ് തുടരുന്നതെന്ന് സംഘടന ആരോപിച്ചു. 2011ലാണ് കെഎസ്ആര്‍ടിസി പെന്ഷന് അവസാനമായി പരിഷ്ക്കരിച്ചത്.
2022 ജനവരി മുതല്‍ ശമ്പള പരിഷ്ക്കരണം പ്രാബല്യത്തില്‍ വന്നെങ്കിലും പെന്ഷന് പരിഷ്ക്കരണം നടപ്പിലാക്കാന്‍ മാനേജ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല നിലവില്‍ നല്കുന്ന തുച്ഛമായ പെന്ഷന് കൃത്യസമയത്ത് വിതരണം ചെയ്യാന്‍ പോലും തയ്യാറാവാത്തത് ദുരിതം സൃഷ്ടിക്കുകയാണ്.
2022 ജനുവരി മാസം മുതല്‍ വിരമിച്ചര്‍ക്ക് താല്‍ക്കാലിക ഉത്തരവിലൂടെ പെന്ഷന് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഡിസിആര്‍ജി, സിവിപി,പിഎഫ് ടെര്‍മിനല്‍ ലീവ് സറണ്ടര്‍ എന്നീ ആനുകൂല്യങ്ങള്‍ അനിശ്ചിതമായി വൈകിപ്പിച്ച് മറ്റൊരു തരത്തില്‍ ദ്രോഹിക്കുകയാണെന്നും പെന്‍ഷനേഴ്സ് പരാതിപ്പെടുന്നു.
നിലവില്‍ പെന്ഷന് മാസമാസം നല്‍കാനായി രൂപീകരിച്ച് എന്ന് പറയുന്ന കണ്‍സോര്‍ഷ്യം പോലും സംശയത്തിന്റെ നിഴലിലാണെന്ന് ആരോപണമുണ്ട്. പെന്ഷന് മുടങ്ങിയതിന്റെ പേരില്‍ നാലുപേരാണ് ഇതിനകം ആത്മഹത്യ ചെയ്തത്. 1984 മുതലാണ് കെഎസ്ആര്‍ടിസിയില്‍ പെന്ഷന് തുടങ്ങിയത്. പ്രതിമാസം 72 കോടി വരെയാണ് ഈ ഇനത്തില്‍ കണ്ടത്തേണ്ടത്.