അവധിക്കാലത്തിരക്ക് : കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു; അനധികൃത പാര്ക്കിംഗിനെതിരേയും നടപടി
1454612
Friday, September 20, 2024 4:29 AM IST
കോഴിക്കോട്: അവധിക്കാലത്ത് നഗരം തിരക്കലമര്രുന്നത് പതിവായതോടെ ട്രാഫിക് പരിഷ്കാരങ്ങളുമായി പോലീസ്. വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെടുന്ന തിരുവണ്ണൂര്‍ ജംഗ്ഷന് മുതല്‍ കല്ലുത്താന്‍ കടവ് വരെയുള്ള ഭാഗത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കും. മാങ്കാവ്- വളയനാട് ജംഗ്ഷനിലെ കുരുക്കഴിക്കുക എന്നതും പ്രധാന ലക്ഷ്യമാണ്.
കോഴിക്കോട് സിറ്റി ഡിസിപി അരുൺ കെ. പവിത്രന്റെ നേതൃത്വത്തിലാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 31പോയിന്റുകളിലായി കൂടുതല്‍ പോലീസിനെ വിന്യസിപ്പിക്കും. 16 ട്രാഫിക് പോലീസുകാരും വിവിധ സ്റ്റേഷനു കളിലെയും ഡിഎച്ച്ക്യുവിലെ യും 26 പോലീസുകാരും നാലു ട്രാഫിക് സെക്ടറും (പോലീസ് ജീപ്പും അതിലുള്ള സേനാംഗങ്ങളും) ആണ് മിനി ബൈപാസിലെ വിവിധ ഭാഗങ്ങളിലായി നിലയുറപ്പിക്കുന്നത്.
വാഹനങ്ങള്‍ക്ക് സുഗമമായി പോകാനുള്ള സൗകര്യം ഒരുക്കുക, ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ഇടവരുത്താതിരിക്കുക, ആശുപത്രിയിലേക്കുള്ള വാഹനങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുക, അനധികൃത പാര്‍ക്കിംഗ് തടയുക എന്നിവയാണ് കൂടുതല്‍ പോലീസുകാരെ വിന്യസിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ശനി, ഞായര്‍ ദിവസങ്ങളില്‍ വെകുന്നേരം നഗരം ഗതാഗതകുരുക്കില്‍ അമരുന്നത് പതിവ് കാഴ്ചയാണ്. ലുലുമാളുള്പ്പെടെ വന്നതോടെ ഇത് വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ശനമായി പരിഷ്കരണങ്ങള്‍ നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം. ജില്ലയില്‍നിന്നും പുറത്തുനിന്നും കോഴിക്കോട് ബീച്ചിലേക്കുള്പ്പെടെ അവധി ആഘോഷിക്കാന്‍ നിരവധി പേര് എത്തുന്നുണ്ട്.
പകല്‍ സമയങ്ങളില്‍ തിരക്ക് കുറയുകയും വൈകുന്നേരം വാഹനങ്ങള്‍ നിരങ്ങിപോകേണ്ട അവസ്ഥയുമാണുള്ളത്. മാളുകള്‍, തിയറ്ററുകള്‍ പ്രധാന ഹോട്ടലുകള്എന്നിവയ്ക്ക് മുന്നിലാണ് തിരക്ക് പലപ്പോഴും നിയന്ത്രണവിധേയമല്ലാതാകുന്നത്.ഇവിടങ്ങളില്‍ അനധികൃത പാര്‍ക്കിഗും പതിവാണ്.
നോ പാര്‍ക്കിംഗ് ബോര്‍ഡുവച്ച സ്ഥലങ്ങളില്‍ പോലും വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പോകുകയാണ്. ഇതുമൂലമാണ് പലപ്പോഴും ഗതാഗത കുരുക്ക് രൂക്ഷമാകുന്നത്.ഇങ്ങനെ വാഹനം നിര്ത്തിയിട്ടുപോകുന്നവര്ക്ക് മോട്ടോര്‍ വാഹനവകുപ്പധികൃതര്‍ പിഴ ചുമത്തുന്നുണ്ട്.