ബാധ ഒഴിപ്പിക്കാൻ നഗ്നപൂജ: ഭർത്താവിനും സുഹൃത്തിനുമെതിരേ ഗുരുതര ആരോപണവുമായി യുവതി
1454347
Thursday, September 19, 2024 4:36 AM IST
കോഴിക്കോട്: നഗ്നപൂജക്കു വിധേയമാകണമെന്നു ആവശ്യപ്പെട്ട് യുവതിയെ നിരന്തരം ശല്യം ചെയ്ത സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിലായതിനു പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവതി. നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടത് ഭർത്താവിന്റെ സുഹൃത്തായ താമരശേരി അടിവാരം മേഖല പൊട്ടിക്കൈയിൽ പ്രകാശനാ(46)ണെന്നും ഭർത്താവിന്റെ മേൽ ബ്രഹ്മരക്ഷസ് ഉണ്ടെന്നു പറഞ്ഞാണ് തന്നെ സമീപിച്ചതെന്നും യുവതി വെളിപ്പെടുത്തി.
നഗ്നപൂജ നടത്തിയാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും കുടുംബത്തിന് അഭിവൃദ്ധിയുണ്ടാകുമെന്നും പ്രകാശൻ പറഞ്ഞതു പ്രകാരമാണ് ഭർത്താവ് ശല്യം ചെയ്തത്. ഭർത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. സഹിക്കാൻ കഴിയാതെ വന്നത്തോടെയാണ് പോലീസിൽ പരാതി നൽകിയത്. അറസ്റ്റിലായ ഭർത്താവും പ്രകാശനും പുറത്ത് ഇറങ്ങിയാൽ ഉപദ്രവിക്കുമോ എന്നു പേടിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും യുവതി ആവശ്യപ്പെട്ടു.
കുടുംബത്തിൽ പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞാണ് ഭർത്താവ് പ്രകാശനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നത്. പ്രകാശൻ പുട്ടുണ്ടാക്കുന്ന കുടത്തിൽ വെള്ളമെടുത്ത് ചുവപ്പ് നിറം വരുത്താൻ പൊടി കലക്കുന്നത് താൻ കണ്ടിരുന്നു. ചുവപ്പുവെള്ളം ഭർത്താവിന്റെ ദേഹത്തു കയറിയ ബാധയുടെ രക്തമാണെന്നും ബാധ കാരണമാണ് ഭർത്താവുമായി വഴക്കുണ്ടാകുന്നതെന്നും പ്രകാശൻ പറഞ്ഞു. ഭർത്താവുമായുള്ള കലഹത്തിന് കാരണം ബാധയല്ല, മറിച്ച് അദേഹത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതാണെന്നും യുവതി പറഞ്ഞു.
അതിനിടെ, യുവതി നഗ്നപൂജയ്ക്ക് തയാറായില്ലെങ്കിൽ അവരുടെ ബന്ധുവായ സ്ത്രീ
പൂജക്ക് തയാറായാൽ മതിയെന്ന രീതിയിൽ പ്രതികൾ സംസാരിച്ചിരുന്നതായും ബന്ധുക്കൾ സൂചിപ്പിച്ചു. താമരശേരി പോലീസ് അറസ്റ്റു ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.