വിലങ്ങാട് ദുരിതബാധിതർക്ക് 29.43 ലക്ഷം വിതരണം ചെയ്തു
1454338
Thursday, September 19, 2024 4:31 AM IST
വിലങ്ങാട്: ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതബാധിതരായർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സഹായധനം വിതരണം ചെയ്തു തുടങ്ങി. ദുരിതാശ്വാസക്യാമ്പിലും ബന്ധുവീടുകളിലുമായി കഴിഞ്ഞ 450 പേർക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നുള്ള 5000 രൂപ വീതം വിതരണം ചെയ്തു.
ഇവർക്ക് ഓരോരുത്തർക്കും 10,000 രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. ബാക്കിയുള്ള 5000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ലഭിച്ചാലുടൻ തന്നെ വിതരണം ചെയ്യും.
ജീവനോപാധി നഷ്ടപ്പെട്ടവർക്ക് ഒരു കുടുംബത്തിൽ പരമാവധി രണ്ട് പേർ എന്ന കണക്കിൽ ഒരാൾക്ക് ദിവസം 300 രൂപ വച്ച് ഒരു മാസത്തേക്കായിരുന്നു ധനസഹായം പ്രഖ്യാപിച്ചത്. ഇതിൽ 37 കുടുംബങ്ങൾക്ക് (ഓരോ കുടുംബത്തിലും രണ്ട് പേർ) ദിവസം 600 രൂപ വച്ച് 6,66,000 രൂപയും കട നഷ്ടപ്പെട്ട മൂന്നുപേർക്ക് ദിവസം 300 രൂപ വച്ച് ഒരു മാസത്തേക്ക് 27,000 രൂപയും വിതരണം ചെയ്തു.
ഇത് മൊത്തം 6,93,000 രൂപ വരും. ആകെ മൊത്തം 29,43,000 രൂപയാണ് വിലങ്ങാട് ഇത്തരത്തിൽ വിതരണം ചെയ്തത്.