നാടിനെ മുൾമുനയിലാക്കി പേരാന്പ്രയിൽ കാട്ടാനയെത്തി
1453856
Tuesday, September 17, 2024 6:15 AM IST
പേരാന്പ്ര: തിരുവോണ ദിനത്തിൽ പട്ടാപ്പകൽ പേരാന്പ്രയിലെത്തിയ കാട്ടാന നാട്ടുകാരിൽ ഭീതി പരത്തി. മണിക്കൂറുകളുടെ ശ്രമത്തിനൊടുവിൽ ആനയെ വനപാലകർ വനത്തിലേക്കു തുരത്തി.
ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴി വനത്തിൽ നിന്നു കുറ്റ്യാടിപ്പുഴ കടന്ന് കൂവപ്പൊയിൽ അന്പലത്തിനടുത്ത് സ്വകാര്യ കൃഷിയിടത്തിൽ എത്തിയ കാട്ടാന അവിടെ നിന്നു പെരുവണ്ണാമൂഴി -കടിയങ്ങാട് റോഡിലൂടെ പട്ടാണിപ്പാറയിലെത്തി. പിന്നീട് ചങ്ങരോത്ത് പഞ്ചായത്തിലെ ആവടുക്ക കെ.ടി. റോഡ് വഴി കൂത്താളി പഞ്ചായത്തിലെ താനിക്കണ്ടി പുഴയിൽ എത്തി. അവിടെ നിന്നു മല കയറിയിറങ്ങിയാണ് കാട്ടാന പേരാന്പ്രയിൽ എത്തിയത്.
പ ുലർച്ചെ നടക്കാനിറങ്ങിയവരും മറ്റു യാത്രക്കാരും ആനയെ കണ്ടു ഭയന്നു. വിവരം അറിഞ്ഞ് ആളുകൾ കൂടാൻ തുടങ്ങിയപ്പോൾ ആന ഓട്ടം തുടങ്ങി. പൈതോത്ത് പഴയ ബൈപാസ് വരെയെത്തി കാട്ടാന. പെരുവണ്ണാമൂഴി റേഞ്ച് ഓഫീസർ റേഞ്ചർ പ്രബീഷ്, ഡെപ്യൂട്ടി റേഞ്ചർ ഇ. ബൈജുനാഥ് എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്ത് എത്തി. ക്രമസമാധാന പാലനത്തിന് പേരാന്പ്ര, പെരുവണ്ണാമൂഴി പോലീസും എത്തിയിരുന്നു.
പേരാന്പ്ര ഗ്രാമ പഞ്ചായത്തധികൃതരും രംഗത്തുണ്ടായിരുന്നു. ആനയെ തിരിച്ചു കാട്ടിലെത്തിക്കാനായി പിന്നീടുള്ള ശ്രമം.
കോഴിക്കോട് ഡിഎഫ്ഒ യു. ആഷിഖ് അലി, ബത്തേരി ആർആർടി ഓഫീസർ കെ.വി.ബിജു എന്നിവർക്കു പുറമെ, താമരശേരി, കുറ്റ്യാടി, കക്കയം എന്നിവിടങ്ങളിൽ നിന്നും വനപാലകരുമെത്തി. ജനങ്ങൾ തടിച്ചുകൂടിയതിനാൽ കാട്ടാന ദിശതെറ്റി പലവഴിക്കും ഓടി. പിന്നാലെ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ വനപാലകരുമുണ്ടായിരുന്നു. ഒടുവിൽ ഒരിടത്തും കൃഷി നശിപ്പിക്കാതെ ഉച്ചകഴിഞ്ഞു രണ്ടരയോടെ ആന പെരുവണ്ണാമൂഴി വനത്തിൽ കയറിയപ്പോഴാണ് വനപാലകരുടെയും നാട്ടുകാരുടെയും ശ്വാസം നേരെ വീണത്.