നന്മയുടെ രുചി പകര്‍ന്ന കാദര്‍ക്ക മടങ്ങി
1453459
Sunday, September 15, 2024 4:30 AM IST
കോഴിക്കോട്: കഴിക്ക് മോനേ...ന്നിട്ട് മതി പണം...അങ്ങിനെ പറയുന്ന ആളെ കണ്ടിട്ടുണ്ടോ...അതാണ് കാദര്‍ക്ക... കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡിന് പിറകില്‍ ഒരു വീട് പോലെയുള്ള കാദര്‍ക്കയുടെ മെസ് ഹൗസ്. ഖാദര്‍ക്ക വിടപറഞ്ഞപ്പോള്‍ നഷ്ടമായത് രുചിയുടെ മാത്രമല്ല നന്മയുടെ കൂടി രുചിമണമാണ്.
25 രൂപയ്ക്ക് ചോറ് മുന്നില്‍ കൊണ്ടുവച്ചുതരും കാദര്‍ക്ക...പച്ചക്കറി, മീന്‍ കറി, ഉപ്പേരി, അച്ചാര്‍ ഒരുപ്ലേറ്റില്. പിന്നെ മോരും. ഒരുകാലത്തും കാദര്‍ക്ക സാധാരണക്കാരില്‍നിന്നും അകന്നില്ല. വെള്ളിയാഴ്ച അണ് ലമിറ്റഡ് ബിരിയാണി 65 രൂപയ്ക്ക് നല്കുന്ന കാദര്‍ക്ക...ഒരുപാട് ഓര്‍മകള്‍ കോഴിക്കോട്ടുകാര്‍ക്കുണ്ട്.
കോവിഡ് കാലത്തിനുമുന്പ് ഹോട്ടലുകള്‍ കാദര്‍ക്കയുടെ മെസ് ഹൗസ് മാതൃകയാക്കി വന്നു. പക്ഷെ ഒരാള്‍ േപാലും അതിനുശേഷം ഈ രീതിയില്‍ ഹോട്ടല്‍ നടത്തിയില്ല. പക്ഷെ ഇവിടെ അതല്ലായിരുന്നു സ്ഥിതി. എങ്ങിനെ തുടര്‍ന്നോ അതുപോലെ വയറുനിറച്ച് ഭക്ഷണം. വിശന്നുവരുന്നവര് ഭക്ഷണം കഴിക്കട്ടെ...എല്ലാവര്ക്കും നല്കാനുണ്ടാവണേ എന്നുമാത്രമാണ് പ്രാര്‍ഥന...കാദര്‍ക്ക പറയുമായിരുന്നു.
എല്ലാം ബാക്കിയാക്കി കാദര്‍ക്ക വിടപറയുമ്പോള്‍ ബാക്കിയാകുന്നത് കോഴിക്കോടിന്റെ നന്മമാത്രമാണ്. ഭക്ഷണം ഒരിക്കലും ബാക്കികളയരുതെന്ന് ചിന്തിച്ച് കാദര്‍ക്ക ഒടുവില്‍ മറയുന്നത് ആ നന്മയുടെ സുഗന്ധം ബാക്കിവച്ചാണ്.