ബോണസ് ലഭിക്കാതെ റേഷന്‍ വ്യാപാരികള്‍; ഇത്തവണയും പ്രതിസന്ധി
1453458
Sunday, September 15, 2024 4:30 AM IST
കോഴിക്കോട്: സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണം ബോണസ് തിരുവോണദിനത്തില്‍ പോലും ലഭിക്കാതെ റേഷന്‍ വ്യാപാരികള്‍. കോവിഡ് കാലത്തെ കിറ്റ് കമ്മീഷന് കുടിശികയടക്കം റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള പണമെല്ലാം കുടിശികയാക്കിയ സര്‍ക്കാര്‍ ഓണത്തോടനുബന്ധിച്ച ഓണറേറിയം പോലും നല്‍കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
റേഷന്‍ വ്യാപാരികള്‍ക്ക് ഓണറേറിയമായി ആയിരം രൂപ അനുവദിച്ചു എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഓണം കഴിഞ്ഞാലും ലഭിക്കുമെന്ന് തോന്നുന്നില്ലെന്ന് വ്യാപാരികള്‍ വിമര്‍ശിക്കുന്നുണ്ട്. മാത്രമല്ല ഓഗസ്റ്റ് മാസത്തിലെ കമ്മീഷന് മുന്‍കൂറായി അനുവദിച്ചിരുന്നു എന്ന പ്രഖ്യാപനവും പ്രഹസനമായിരിക്കുകയാണ്.
ഇതിനിടെ സുപ്രീംകോടതി വരെ വ്യാപാരികള്‍ കയറിയിറങ്ങി നിയമ പോരാട്ടം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കിറ്റ് കമ്മീഷന് തുകയുടെ പകുതി മാത്രം നല്കാന് സര്‍ക്കാര്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ ബാക്കി തുക നല്‍കുന്നതിന് വീണ്ടും സാവകാശം ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി വിധിയുണ്ടായിട്ടും കോവിഡ് കാലത്തെ കിറ്റ് കുടിശിക പല താലൂക്കുകളിലും ലഭിച്ചിട്ടില്ല.
ലഭിച്ച ചില താലൂക്കുകളില്‍ നാമമാത്രമായ തുകയില്‍ നിന്നും വ്യാപാരികളുടെ സെപ്റ്റംബര്‍ മാസത്തേക്ക് അനുവദിച്ച റേഷന്‍ സാധനങ്ങളുടെ വില പിടിച്ചെടുത്തതോടെ ബാക്കി വ്യാപാരികളുടെ അക്കൗണ്ടില്‍ ഒന്നും എത്താന്‍ ഇല്ലാത്ത അവസ്ഥയാണ്.