ചേലിയ-കൊളക്കണ്ടി-പാറക്കണ്ടി റോഡ്: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
1453254
Saturday, September 14, 2024 4:50 AM IST
കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ എട്ടാം വാർഡിലുള്ള ചേലിയ- കൊളക്കണ്ടി-പാറക്കണ്ടി റോഡ് സഞ്ചാരയോഗ്യമാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ.
ചെങ്ങോട്ടുകാവ് പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ചേലിയയിൽ താമസിക്കുന്ന ഒന്പത് കുടുംബങ്ങളാണ് തകർന്ന റോഡ് കാരണം ദുരിതം അനുഭവിക്കുന്നത്.
കഴിഞ്ഞ 20 വർഷമായി ഇതാണ് അവസ്ഥയെന്ന് നാട്ടുകാർ പറയുന്നു. ജില്ലാ കളക്ടർ ഇടപെട്ടിട്ടും ഫലമുണ്ടായില്ലെന്നും പരാതിയിലുണ്ട്. സെപ്റ്റംബർ 27 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
റോഡ് പുനർനിർമിക്കാൻ പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് ഇറക്കിയ കല്ലുകൾ എടുത്തുമാറ്റിയതായി പ്രദേശവാസികൾ പറയുന്നു. രോഗം വന്നാൽ ആളുകളെ ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ട ഗതികേടിലാണ് നാട്ടുകാരെന്ന് പരാതിയിലുണ്ട്.