അത്യാഹിത വിഭാഗത്തിലെ എക്സ്റേ യൂണിറ്റ് പ്രവർത്തനരഹിതം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
1453251
Saturday, September 14, 2024 4:50 AM IST
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എക്സ്റേ യൂണിറ്റ് പ്രവർത്തനരഹിതമാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. 27 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിലേക്ക് അത്യാഹിത വിഭാഗം മാറ്റിയ ശേഷമാണ് രോഗികൾക്ക് എക്സ്റേ സൗകര്യം നിഷേധിക്കുന്നതെന്നാണ് പരാതി. അത്യാഹിത വിഭാഗത്തിലെ എക്സ്റേ യൂണിറ്റ് മിക്ക ദിവസങ്ങളിലും പണിമുടക്കും.
കേടായ യൂണിറ്റ് ഒരു മാസം വരെ അടച്ചിട്ട ശേഷമായിരിക്കും നന്നാക്കുകയെന്നും പരാതിയുണ്ട്. രണ്ടാമത്തെ എക്സ്റേ യൂണിറ്റിൽ മെഷീൻ സ്ഥാപിച്ചെങ്കിലും മെഡിക്കൽ കോളജിന് കൈമാറിയിട്ടില്ലെന്നും മനസിലാക്കുന്നു.
എക്സ്റേ എടുക്കണമെങ്കിൽ രോഗിയെ 300 മീറ്റർ അകലെയുള്ള ജനറൽ ആശുപത്രി ബ്ലോക്കിൽ എത്തിക്കണമെന്നാണ് പരാതി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.