സൂപ്പര്‍ ലീഗ്: കേരള അയല്‍ക്കാരുടെ ഗ്ലാമര്‍ പോര് ഇന്ന്
1453235
Saturday, September 14, 2024 4:23 AM IST
മലപ്പുറം: കേരള സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മലബാറിലെ രണ്ടു പ്രബലശക്തികള്‍ ഇന്ന് മുഖാമുഖം കാണും. ഒന്നാം ഓണമായ ഉത്രാടദിനത്തില്‍ ഇന്ന് മലപ്പുറം എഫ്സിയും കാലിക്കട്ട് എഫ്സിയും തമ്മിലാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്. രാത്രി ഏഴിനാണ് ഇവര്‍ തമ്മിലുള്ള മത്സരം.
സൂപ്പര്‍ ലീഗ് കേരളയില്‍ ആദ്യമായി ഹോം ഗ്രൗണ്ടില്‍ ഇറങ്ങുകയാണ് മലപ്പുറം എഫ്സി. കൊച്ചിയില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഫോഴ്സ കൊച്ചിയെ എതിരില്ലാത്ത രണ്ടുഗോളിനു തകര്‍ത്ത ആത്മവിശ്വാസവുമായാണ് മലപ്പുറം, കോഴിക്കോടിനെ നേരിടുന്നത്. കാലിക്കട്ട് എഫ്സിയാകട്ടെ ഹോം ഗ്രൗണ്ടില്‍ തിരുവനന്തപുരം കൊമ്പന്‍സ് എഫ്സിയുമായി ഓരോ ഗോളടിച്ചു സമനില വഴങ്ങുകയായിരുന്നു.
അതുകൊണ്ടു തന്നെ രണ്ടാംമത്സരത്തില്‍ ജയം മോഹിച്ചാണ് കോഴിക്കോടിന്റെ വരവ്. മലപ്പുറം രണ്ടാം മത്സരത്തില്‍ ഉജ്വല ജയം പ്രതീക്ഷിക്കുന്നു. ഇരു ടീമിനും ആരാധകര്‍ ഏറെയുള്ളതിനാല്‍ വീറും വാശിയും ഏറെ പ്രകടമാകും ഇന്നത്തെ മത്സരത്തിന്.
പയ്യനാട്ടെ സ്റ്റേഡിയം തൃശൂര്‍ മാജിക് എഫ്സിയുടെ കൂടി ഹോം ഗ്രൗണ്ടാണ്. പയ്യനാട്ടെ ആദ്യകളിയില്‍ തൃശൂര്‍, കണ്ണൂര്‍ വാരിയേഴ്സിനോട് 21ന് തോറ്റിരുന്നു. ഈ മത്സരത്തില്‍ കാണികളുടെ പങ്കാളിത്തം കുറഞ്ഞിരുന്നു. എന്നാല്‍ ഇന്നത്തെ മത്സരം അതില്‍ നിന്ന് വിഭിന്നമാണ്. ഫുട്ബോളിന് ശക്തമായ അടിത്തറയുള്ള രണ്ടു ജില്ലക്കാരുടെ പോരാട്ടം എക്കാലത്തും വാശിയുള്ളതാണ്.
അതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇരുടീമുകളും പ്രതീക്ഷിക്കുന്നില്ല. സ്വന്തം മണ്ണില്‍ മലപ്പുറത്തിന്റെ കളി കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോള്‍ ആരാധകര്‍. 70 ശതമാനം ടിക്കറ്റ് ഇതിനകം വിറ്റു പോയിരിക്കുന്നു. മലപ്പുറം എഫ്സിയുടെ ഔദ്യോഗിക ഫാന്‍സായ "അള്‍ട്രാസ്’ ഗാലറിയില്‍ ആയിരം ടിക്കറ്റുകള്‍ ഇതിനകം ബുക്ക് ചെയ്തിരിക്കുന്നു.
കാണികളെ എത്തിക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം അള്‍ട്രാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 25,000 പേര്‍ക്ക് കളികാണാന്‍ സൗകര്യമുള്ളതാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയം. "ബീക്കണ്‍സ് ബ്രിഗേഡ്’ എന്ന പേരിലറിയപ്പെടുന്ന കാലിക്കട്ട് എഫ്സിയുടെ ആരാധകരും പയ്യനാട് സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തുന്നതോടെ മലപ്പുറം കോഴിക്കോട് പോരാട്ടത്തിന് തീവ്രതയേറും.
ഇന്ത്യന്താരമായിരുന്ന അനസ് എടത്തൊടികയാണ് മലപ്പുറത്തെ നയിക്കുന്നത്. പ്രതിരോധനിരയില്‍ ശക്തമായ സാന്നിധ്യമാണ് അനസ്. ഇംഗ്ലീഷ് കോച്ച് ജോണ്‍ ഗ്രിഗറിയുടെ തന്ത്രങ്ങള്‍ ആക്രമണ ഫുട്ബോളാണ്. ഫോഴ്സ കൊച്ചിയെ അവരുടെ തട്ടകത്തില്‍ മലപ്പുറം തകര്‍ത്തത് മികച്ച മുന്നേറ്റങ്ങളുമായാണ്.
ഗോള്‍ കീപ്പര്‍ വി. മിഥുന്, മുന്നിരക്കാരന് ഫസലു റഹ്മാന്, റിസ്വാന് അലി, അജയ്, ജാസിം തുടങ്ങിയവര്‍ ബൂട്ടുകെട്ടുന്നു. ഒപ്പം ഐ ലീഗ് സ്റ്റാര്‍ അലക്സ് സാഞ്ചസ്, ബാര്‍ബോസ തുടങ്ങിയ വിദേശ താരങ്ങളും മലപ്പുറം നിരയില്‍ കാണാം.
മറുവശത്ത് കാലിക്കട്ട് എഫ്സി മികച്ച ടീമാണ്. യൂറോപ്യന്‍ ഫുട്ബോളിന്റെ പരിചയസമ്പത്തുള്ള ഇയാന്‍ ആന്‍ഡ്രൂ ഗിലാന്‍ ഒരുക്കുന്ന കാലിക്കട്ട് എഫ്സിയിലുമുണ്ട് കരുത്തുള്ള താരങ്ങള്‍. ആദ്യമത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനോട് 11 ന് സ്വന്തം ഗ്രൗണ്ടില്‍ സമനില വഴങ്ങിയത് കാലിക്കട്ട് മറന്നു കഴിഞ്ഞു.
കേരളത്തിന്റെ സന്തോഷ് ട്രോഫി നായകന് ജിജോ ജോസഫ് ആണ് നായകന്. വിശാല്‍, ഹക്കു, ഗനി, ബ്രിട്ടോ, അഷ്റഫ് തുടങ്ങിയവരും കാലിക്കട്ട് നിരയിലുണ്ടാകും. മഴയില്ലെങ്കില്‍ തകര്‍പ്പന്‍ മത്സരമായിരിക്കും ഇന്നത്തേത്.