പഞ്ചായത്തംഗത്തിനെതിരെ വനംവകുപ്പ് കേസെടുത്തതിൽ പ്രതിഷേധിച്ചു
1452457
Wednesday, September 11, 2024 5:09 AM IST
തിരുവന്പാടി: ഒരു വർഷം മുന്പ് യാത്രാമധ്യേ ബൈക്കിനു കുറുകെ ചാടിയ കാട്ടുപന്നിക്കൂട്ടത്തെ, സ്വയരക്ഷാർത്ഥം വടിയെടുത്ത് പ്രതിരോധിച്ച തിരുവന്പാടി പഞ്ചായത്തംഗം രാമചന്ദ്രൻ കരിന്പിലാനെതിരെ വനംവകുപ്പ് കേസെടുത്തതിൽ കോണ്ഗ്രസ് തിരുവന്പാടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
വന്യമൃഗശല്യം മൂലം കർഷകർക്ക് കൃഷി ചെയ്തു ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. തിരുവന്പാടി പഞ്ചായത്തിൽ തന്നെ കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്.
ഇവർക്കൊന്നും മതിയായ ധനസഹായം വിതരണം ചെയ്യാതെയാണ് കാട്ടുപന്നിയെ അക്രമിച്ചു എന്ന പേരിൽ വനംവകുപ്പ് പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്തിരിക്കുന്നത്. നാളെ തിരുവന്പാടി വില്ലേജ് ഓഫിസിനു മുന്പിൽ പ്രതിഷേധ ധർണ നടത്താനും തീരുമാനിച്ചു.
പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മനോജ് വാഴേപ്പറന്പിൽ അധ്യക്ഷത വഹിച്ചു. ബോസ് ജേക്കബ്, സണ്ണി കാപ്പാട്ട്മല, ലിസി മാളിയേക്കൽ, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.