കലാലയങ്ങളിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകണം: മന്ത്രി എ.കെ. ശശീന്ദ്രൻ
1452445
Wednesday, September 11, 2024 5:01 AM IST
കോഴിക്കോട്: വിദ്യാർഥികൾക്കിടയിൽ പരിസ്ഥിതി പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകണമെന്നും ഇക്കാര്യത്തിൽ കലാലയങ്ങളിലെ ഫോറസ്ട്രി ക്ലബുകളും എൻഎസ്എസ് പോലെയുള്ള സന്നദ്ധ സംഘടനകളും സജീവമായി ഇടപെടണമെന്നും വനംമന്ത്രി എ. കെ. ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പ് സാമൂഹ്യവനവൽക്കരണ വിഭാഗം ഉത്തരമേഖല സോഷ്യൽ ഫോറസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ ഗവ. കോളജിൽ ഒരുക്കിയ ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിയെ അവഗണിച്ച് നമുക്ക് മുന്നോട്ടു പോകാനാവില്ല. ഭൗമശാസ്ത്ര പഠനം നടത്തുന്നവരും പരിസ്ഥിതി പ്രവർത്തകരും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നേരത്തേ ചൂണ്ടിക്കാണിച്ചതാണ്. അതിന് വേണ്ടത്ര പ്രാധാന്യം നൽകാത്തതാണ് അന്തരീക്ഷ മലിനീകരണം മുതൽ ചക്രവാതച്ചുഴി ഉൾപ്പെടെയുള്ള പുതിയ പ്രതിഭാസങ്ങൾക്കും അന്തരീക്ഷ താപനിലയിലെ ക്രമാതീതമായ വർധനവിനും കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഭൂമി മനുഷ്യർക്ക് മാത്രമല്ല, എല്ലാ ജീവജാലങ്ങൾക്കു കൂടി അവകാശപ്പെട്ടതാണെന്ന ബോധ്യത്തോടെ ഭൂമിയുടെ പച്ചപ്പ് നിലനിർത്തി മുന്നോട്ടു പോകാൻ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി ഗുരുവായൂരപ്പൻ കോളജിലും വനംവകുപ്പ് ശലഭോദ്യാനം ഒരുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രിൻസിപ്പൽ ഡോ. പി. പ്രിയ അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗണ്‍സിലർ രമ്യ സന്തോഷ്, ഉത്തരമേഖല കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ. കീർത്തി, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സർവേറ്റർ എ.പി. ഇംതിയാസ്, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണ്‍ നിധി എൻ. അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.