കാറ്ററിംഗ് രംഗത്ത് വ്യാജന്മാര് എന്ന് ആരോപണം
1452440
Wednesday, September 11, 2024 4:32 AM IST
കോഴിക്കോട്: വലിയ രീതിയിലുള്ള ഓഫറുകള്‍ വാഗ്ദാനം ചെയ്തും ഓര്‍ഡറുകള്‍ സ്വീകരിച്ചും ഉപഭോക്താക്കളെ വഞ്ചിക്കുന്ന വ്യാജന്മാര് കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണം.
ഓള് കേരള കാറ്ററിംഗ് അസോസിയേഷന് ഭാരവാഹികളാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരക്കാര്‍ സര്‍ക്കാരിന്റെയും ഫുഡ് സേഫ്റ്റി വകുപ്പിന്റെയും ലൈസന്‍സില്ലാതെയും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അസോസിയേഷന് കുറ്റപ്പെടുത്തി.
വിശേഷ ദിവസങ്ങളില്‍ പ്രത്യേക ഓഫറുകള്‍ കാണിച്ചു ഓര്‍ഡറുകള്‍ സ്വീകരിച്ചശേഷം ഡെലിവറി ചെയ്യാത്ത സംഭവങ്ങളും നിരവധിയാണെന്നാണ് ആരോപണം. ലൈസന്‍സും സര്‍ട്ടിഫിക്കറ്റുകളും ട്രെയിനിംഗും അടക്കം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ജില്ലയില്‍ ഇരുന്നൂറില്പരം അംഗീകൃത കാറ്ററിംഗ് സ്ഥാപനങ്ങളുണ്ട്.
അതേസമയം നൂറുകണക്കിന് വ്യാജന്മാര് ഈ മേഖലയില്‍ യഥേഷ്ടം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഇല്ലാത്ത സാഹചര്യമാണ് തുടരുന്നതെന്നും കേരള കാറ്ററിംഗ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ സംഘടനകളുടെയുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ പായസം വിപണന മേളകള്‍ ആരംഭിച്ചിട്ടുണ്ട്. പലയിടങ്ങളിലും റോഡിന്റെ വശങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിലുമാണ് വില്പന.
ഇത്തരം തുറസായ ഇടങ്ങളില്‍ വിപണനം നടത്താനുള്ള അനുമതി എന്ത് അടിസ്ഥാനത്തിലാണ് നല്‍കുന്നതെന്ന് നേതാക്കള്‍ ചോദിച്ചു. ചെറിയ തട്ടുകടകളുടെ മറവില്‍ ഹോട്ടല്‍ സംവിധാനത്തിലുള്ള ഭക്ഷണങ്ങള്‍ പാകം ചെയ്യുന്ന രീതിയും ജില്ലയില്‍ വര്‍ധിച്ചുവരികയാണ്. ഇത്തരത്തില്‍ പാകം ചെയ്യുന്ന ഭക്ഷണപാര്സലില് പേരും ലൈസന്‍സ് നമ്പറും ഒന്നുമില്ലാതെയാണ് വില്‍പ്പന നടത്തുന്നത്.
പൊതുജനാരോഗ്യവും നിയമങ്ങള്‍ കാറ്റില്‍ പറത്തി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാജന്മാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.അസോസിയേഷന് ജില്ലാ പ്രസിഡന്റ് പ്രേംചന്ദ് വള്ളില്‍, സംസ്ഥാന സെക്രട്ടറി പി. ഷാഹുല്‍ ഹമീദ്, സംസ്ഥാന സമിതി അംഗം കെ. ബേബി, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി സ്വരൂപ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.