ജേക്കബ് പടലോടി മെമ്മോറിയൽ ഗുരുശ്രേഷ്ഠ പുരസ്കാരം നോബിൾ കുര്യാക്കോസിന്
1451337
Saturday, September 7, 2024 4:41 AM IST
കൂരാച്ചുണ്ട്: യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ജേക്കബ് പടലോടി മെമ്മോറിയൽ ഗുരുശ്രേഷ്ഠ പുരസ്കാരം 2024ന് നോബിൾ കുര്യാക്കോസ് അർഹനായി. കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകനാണ് നോബിൾ.
കല്ലാനോട് സ്പോർട്സ് അക്കാദമിക്ക് തുടക്കം കുറിക്കുകയും സ്കൂളിൽ വനിതാ ക്രിക്കറ്റ് ടീമിന് രൂപം നൽകിയതടക്കം മലയോര മേഖലയിലെ വിദ്യാർഥികളുടെ ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. ഫുട്ബോൾ, ഷൂട്ടിംഗ്, നീന്തൽ, അത്ലറ്റിക്സ് മേഖലകളിൽ കഴിഞ്ഞ വർഷം ഇദ്ദേഹത്തിന്റെ പരിശീലനത്തിലൂടെയാണ് വിദ്യാർഥികൾ മികച്ച പ്രകടനം നടത്തിയത്.
ജില്ലാ അത്ലറ്റിക്സ് അസോസിയേഷൻ വൈസ് പ്രസിഡന്റും സോഫ്റ്റ് ബേയ്സ് ബോൾ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് അധ്യാപകനായ നോബിൾ. മണ്ഡലം കമ്മിറ്റിയുടെ ഓണാഘോഷ സംഗമത്തിൽ വച്ച് അവാർഡ് സമർപ്പണം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, ജെറിൻ കുര്യാക്കോസ്, രാഹുൽ രാഘവൻ, ജാക്സ് വർഗീസ്, ജോസ്ബിൻ കുര്യാക്കോസ് എന്നിവർ അറിയിച്ചു.