അനധികൃത മീന്‍പിടിത്തം വ്യാപകം; നടപടി എടുക്കാന്‍ കഴിയാതെ അധികൃതര്‍
1451325
Saturday, September 7, 2024 4:31 AM IST
കോഴിക്കോട്: നിയമപരമായി നിരോധിക്കപ്പെട്ട വലകളുപയോഗിച്ച് മല്‍സ്യം പിടിക്കുന്ന സംഭവത്തില്‍ നടപടി എടുക്കാന്‍ കഴിയാതെ അധികൃതര്‍. ഒന്നിലധികം ബോട്ടുകള്‍ ചേര്‍ന്ന് ഇരട്ട വലകള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിംഗിലൂടെ മലബാറിലെ ആഴക്കടലും തീരക്കടലും ഒരുപോലെ അരിച്ചുപെറുക്കുകയാണ്.ഈ അനധികൃത മീന്പിടിത്തത്തിലുടെ കോടികളുടെ മത്സ്യസമ്പത്താണ് നശിപ്പിക്കപ്പെടുന്നത്.
പ്രധാനമായും ഇതര സംസ്ഥാനങ്ങളിലെ മല്സത്തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് നിരോധിത രീതിയിലുള്ള ഇരട്ട വല (പോത്തന് വല)കളുപയോഗിച്ചുള്ള മീന്‍പിടിത്തം.തെക്കന്‍ ജില്ലകളില്‍ മത്സ്യത്തൊഴിലാളി മേഖലയില്‍നിന്നുതന്നെ എതിര്‍പ്പ് നേരിട്ടതോടെ മലബാര്‍ മേഖലയില്‍ മുഖ്യമായും ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കടല്‍ക്കൊള്ള. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ജില്ലയില്‍ ഏതാനും ബോട്ടുകള്‍ ഫിഷറീസ് അധികൃതര്‍ പിടികൂടിയിരുന്നു.
എന്നാല്‍, ഇതിലും എത്രയോ ഇരട്ടി ബോട്ടുകള്‍ ഇപ്പോഴും അനധികൃതമായി മല്‍സ്യബന്ധനം നടത്തുന്നു. കൂറ്റന്‍ ബോട്ടുകള്‍ ആഴക്കടലിലും തീരക്കടലിലും ഒരുപോലെ നിരോധിത പെലാജിക് വലകളുപയോഗിച്ച് മത്സ്യം അപ്പാടെ കോരിയെടുക്കുന്ന രീതിയാണ് പെയര്‍ ട്രോളിംഗ്.
ഈ നിലയില്‍ കടലാകെ വലവിരിച്ച് മീന്‍ ഒന്നിച്ച് കോരിയെടുക്കുമ്പോള്‍ വളര്‍ച്ചയെത്താത്ത ചെറു മത്സ്യങ്ങളും നിരവധി കടല്‍ ജീവികളും വലയില്‍ കുടുങ്ങി ചത്തൊടുങ്ങും. പിടിച്ചെടുത്ത ചെറു മത്സ്യവും ഭക്ഷ്യയോഗ്യമല്ലാത്ത കടല്‍ ജീവികളെയും ഒന്നിച്ച് വളം, കാലിത്തീറ്റ നിര്‍മാണ കമ്പനികളിലേക്ക് കയറ്റി അയക്കുകയാണ് പതിവ്.
ആഴക്കടലില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനം കണ്ടെത്തി തടയാന്‍ അധികൃതര്‍ക്കുള്ള പ്രായോഗിക തടസ്സങ്ങളാണ് ഒരുവിഭാഗം മുതലെടുക്കുന്നത്. തമിഴ്നാട്ടില്‍ കര്‍ശന നിയന്ത്രണമുള്ള ഇരട്ട വല മീന്‍ പിടിത്തം കേരളത്തില്‍ വ്യാപകമായി നടത്തുന്നവരില്‍ ഏറെയും തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ്.
ബോട്ടുടമകള്‍ കന്യാകുമാരി കൊളച്ചല്‍ മേഖലയില്‍നിന്നും ഉത്തരേന്ത്യയില്‍നിന്നുമുള്ള തൊഴിലാളികളെയാണ് ഉപയോഗപ്പെടുത്തുന്നത്. അര്‍ധരാത്രിയാണ് കൂടുതലായും നിയമവിരുദ്ധ മീന്‍ പിടിത്തം.
നിയമവിരുദ്ധ മത്സ്യബന്ധനം; ബോട്ടും മത്സ്യവും പിടിച്ചെടുത്തു
കോഴിക്കോട്: കൊയിലാണ്ടി ഭാഗത്തുനിന്നും നിയമവിരുദ്ധ മത്സ്യ ബന്ധനം നടത്തിയ യന്ത്രവല്‍കൃത ബോട്ട് ഫിഷറീസ് വകുപ്പ് പിടിക്കൂടി. ബോട്ടില്‍നിന്നും ലഭിച്ച മത്സ്യം ലേലം ചെയ്തു തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടി.
പുതിയാപ്പ സ്വദേശിയുടെ ഉടമസ്ഥതയിലുളള ബോട്ടാണ് രാത്രികാല ട്രോളിംഗ് നടത്തിയതിനു പിടികൂടിയത്. നിയമാനുസൃത ലൈസന്‍സ് ഇല്ലാത്തതിനും ബോട്ടിനെതിരേ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നടപടിയെടുത്തു.