ചിറ്റിലപ്പിള്ളി പിതാവിന്റെ ഊർജം വിശുദ്ധ കുർബാന: മാർ റാഫേൽ തട്ടിൽ
1451315
Saturday, September 7, 2024 4:20 AM IST
താമരശേരി: ദിവംഗതനായ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ ഊർജം വിശുദ്ധ കുർബാനയായിരുന്നെന്നും മംഗളവാർത്ത സ്വീകരിച്ച പരിശുദ്ധ മറിയത്തെപ്പോലെ ദൈവിക പദ്ധതികൾ സ്വീകരിച്ച പുണ്യാത്മാവാണ് അദ്ദേഹമെന്നും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ നാലാം ചരമ വാർഷിക ദിനത്തിൽ താമരശേരി മേരിമാതാ കത്തീഡ്രലിൽ ദിവ്യബലിയർപ്പിച്ച് വചന സന്ദേശം നൽകുകയായിരുന്നു മേജർ ആർച്ച്ബിഷപ്.
പരിശുദ്ധ കുർബാനയായിരുന്നു ചിറ്റിലപ്പിള്ളി പിതാവിന്റെ പവർ ഹൗസ്. സഭ ആരംഭിക്കുന്നത് പരിശുദ്ധ കുർബാനയിൽ നിന്നാണെന്ന് അദ്ദേഹം വിശ്വസിച്ചു. പരിശുദ്ധ കുർബാനയോടു ചേർന്നു നിന്ന മനുഷ്യനായിരുന്നു അദ്ദേഹം. സീറോ മലബാർ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കുന്നതിൽ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മറിയം ഈശോയെ ഉദരത്തിൽ സ്വീകരിച്ചതു പോലെയാണ് ചിറ്റിലപ്പിള്ളി പിതാവ് കല്യാൺ രൂപതയെ സ്വീകരിച്ചത്. ഇന്ന് സീറോ മലബാർ സഭയിലെ മികച്ച രൂപതകളിലൊന്നാണ് കല്യാൺ. ചിറ്റിലപ്പിള്ളി പിതാവിന്റെ കണ്ണീരും വിയർപ്പും അധ്വാനവുമാണ് അതിനു പിന്നിലെന്നും അദ്ദേഹം അനുസ്മരിച്ചു.
ചിറ്റിലപ്പിള്ളി പിതാവിലൂടെ താമരശേരി രൂപതയ്ക്കു ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയാനുള്ള അവസരമാണ് അദ്ദേഹത്തിന്റെ ഓർമദിനമെന്ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി താമരശേരി രൂപതയിലേക്ക് കടന്നു വന്ന മാർ റാഫേൽ തട്ടിൽ പിതാവിനെ ബിഷപ് സ്വാഗതം ചെയ്തു. പ്രത്യേക സാഹചര്യങ്ങളിലൂടെ സീറോ മലബാർ സഭ കടന്നു പോകുമ്പോൾ കൃത്യമായ ദിശാബോധം നൽകി സഭയെ നയിക്കാൻ നിയോഗിക്കപ്പെട്ട മേജർ ആർച്ച്ബിഷപ്പിനെ പ്രാർഥനകളിൽ പ്രത്യേകം ഓർമിക്കണമെന്ന് ബിഷപ് പറഞ്ഞു.
വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ, സീറോ മലബാർ സഭ കൂരിയാ ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടത്തിൽ, എംസിബിഎസ് കോഴിക്കോട് സിയോൻ പ്രൊവിൻഷ്യൽ ഫാ. മാത്യു ഓലിക്കൽ എന്നിവർ സഹകാർമികരായിരുന്നു. വൈദികരും സന്യസ്തരും ഇടവക പ്രതിനിധികളും ദിവ്യബലിയിലും അനുസ്മരണ ശുശ്രൂഷയിൽ പങ്കുചേർന്നു.
പാസ്റ്ററൽ സെക്രട്ടറി ബെന്നി ലൂക്കോസ്, താമരശേരി രൂപത ചാൻസിലർ ഫാ. സെബാസ്റ്റ്യൻ കാവളക്കാട്ട്, പ്രൊക്കുറേറ്റർ ഫാ. കുര്യാക്കോസ് മുഖാല, താമരശേരി മേരി മാതാ കത്തീഡ്രൽ വികാരി ഫാ. മാത്യു പുളിമൂട്ടിൽ, അസി. വികാരി ഫാ. ജോർജ് നരിവേലിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.