പഴയ പിഴ അങ്ങനെ തന്നെ... പുതിയതിന് നോട്ടീസയച്ച് മോട്ടോര്‍ വാഹനവകുപ്പ്
1451313
Saturday, September 7, 2024 4:20 AM IST
ഇ. അനീഷ്
കോഴിക്കോട്: മോട്ടോര്‍ വാഹനവകുപ്പ് എഐ കാമറ വഴി ഇടുന്ന പിഴ മുഴുവന്‍ പേരും അടയ്ക്കാതായതോടെ പുതുവഴി തേടി മോട്ടോര്‍ വാഹനവകുപ്പ്. മുന്‍ കാലങ്ങളിലെ പിഴ അതേപോലെ നിനിര്‍ത്തി പുതിയ പിഴകള്‍ക്ക് അധികൃതര്‍ നോട്ടീസ് അയച്ചുതുടങ്ങി. ഒരേ വാഹനങ്ങളുടെ പേരിലുള്ള ഒന്നിലധികം പിഴകള്‍ക്ക് അവസാനത്തേതിന് മാത്രം വീട്ടിലേക്ക് നോട്ടീസ് അയക്കുക എന്നതിലേക്ക് ഉദ്യോഗസ്ഥര്മാറി.
അതത് മേല്‍വിലാസങ്ങളില്‍ പിഴ നോട്ടീസ് എത്തുമ്പോള്‍ കൂടുതല്‍ പേര് പിഴ അടയ്ക്കാന്‍ തയാറാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കരുതുന്നത്. കെല്‍ട്രോണുമായുള്ള തര്‍ക്കങ്ങളുടെ പേരില്‍ നോട്ടീസ് അയക്കുന്നത് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ത്തിയിരുന്നു. ഇക്കാലയളവിലെ പിഴ തുകയാണ് അങ്ങനെ തന്നെ കിടക്കുന്നത്.
കരാര്‍ ഏറ്റെടുത്ത കെല്‍ട്രോണ്‍ 25 ലക്ഷം നോട്ടീസ് അയച്ചു കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാര്‍ പണം നല്കിയാല് മാത്രമേ നോട്ടീസ് അയക്കൂ എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ കുറച്ചുമാസങ്ങള്‍ നോട്ടീസയക്കുന്നത് നിര്‍ത്തി. നോട്ടീസ് അയക്കുന്നതിനായി നിയമിച്ച കരാര്‍ ജീവനക്കാരെ കെല്‍ട്രോണ്‍ പിന്‍വലിക്കുകയും ചെയ്തു.
എഐ കാമറ വഴി കണ്ടെത്തിയ നിയമ ലംഘനം പരിവാഹന്‍ വഴിയും മൊബൈല്‍ സന്ദേശം വഴിയും ലഭ്യമാക്കിയിട്ടും വാഹന ഉടമകളില്‍ ഭൂരിഭാഗവും അവഗണിക്കുന്ന സാഹചര്യത്തിലാണ് പിഴ ഈടാക്കാനും സര്‍ക്കാരിലേക്ക് വരുമാനം വര്‍ധിപ്പിക്കാനും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കുന്നത്.
467 കോടിയുടെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടും ഇതുവരെ സര്‍ക്കാരിന് ലഭിച്ച വരുമാനം 93 കോടി മാത്രമാണെന്നാണ് കണക്ക്. 89.82 ലക്ഷം നിയമലംഘനങ്ങള്‍ കണ്ടെത്തിയെങ്കിലും പിഴ അടച്ച് തീര്‍പ്പായത് 33 ലക്ഷമാണ്. 2023 ജൂണ്‍ അഞ്ചിനാണ് എഐ കാമറ സംവിധാനം സംസ്ഥാനത്ത് ആരംഭിച്ചത്. സേഫ് കാമറ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഈ സംവിധാനത്തിലൂടെ 726 കാമറകളാണ് സംസ്ഥാനത്തെ റോഡുകളിലായി സ്ഥാപിച്ചിട്ടുള്ളത്.