ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ആശ്വാസമേകി മോണ്ടിസോറി അധ്യാപക-വിദ്യാർഥിനികൾ
1444518
Tuesday, August 13, 2024 4:40 AM IST
കോഴിക്കോട്: വയനാട് ദുരന്തമുഖത്തെ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും മാനസിക ആരോഗ്യം വീണ്ടെടുക്കാനായി ദുരിതാശ്വാസ ക്യാന്പുകളിലെത്തിയ മോണ്ടിസോറി അധ്യാപക-വിദ്യാർഥിനികൾ സേവനത്തിനു ശേഷം ചുരമിറങ്ങി.
കേരള എഡ്യൂക്കേഷൻ കൗണ്‍സിലിന്റെ 42 മോണ്ടിസോറി അധ്യാപക-വിദ്യാർഥിനികളാണ് ക്യാന്പുകളിൽ സേവനം നൽകിയത്. ദുരിതബാധിതർക്ക് ജീവിത നൈപുണ്യ പരിശീലനം കൂടി നൽകുന്നതിനാണ് പത്തനംതിട്ട, ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ മോണ്ടിസോറി പ്രിൻസിപ്പൽമാരും വിദ്യാർഥിനികളും മേപ്പാടിയിലെയും പരിസരത്തെയും പതിനൊന്നോളം ദുരിതാശ്വാസ ക്യാന്പുകളിൽ എത്തിയത്.
തിരിച്ചെത്തിയ മോണ്ടിസോറി സംഘത്തിന് കോഴിക്കോട് നഗരത്തിൽ വച്ച് കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദിയുടെയും ഭദ്രത സ്വയംസഹായ സംഘത്തിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി. കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ദർശനം ഗ്രന്ഥശാല പ്രസിഡന്റ് പി. സിദ്ധാർഥൻ, ജോയിന്റ് സെക്രട്ടറി ടി.കെ. സുനിൽകുമാർ, താലൂക്ക് ലൈബ്രറി കൗണ്‍സിൽ അംഗം പി. കെ. ശാലിനി, ഭദ്രത സ്വയംസഹായ സംഘം ജോയിന്റ് സെക്രട്ടറി എം.കെ.സജീവ്കുമാർ, കൊല്ലറക്കൽ സതീശൻ, പി. രേഷ്മ, സൗബാനത്ത്, നീതു സിജോ തുടങ്ങിയവർ പ്രസംഗിച്ചു.