ദുരിത മേഖലയിലെ ഭക്ഷണ വിതരണം: വൈറ്റ്ഗാർഡിനെ അപമാനിച്ചുവെന്ന പരാതി അന്വേഷിക്കാൻ നിർദേശം
1442166
Monday, August 5, 2024 4:25 AM IST
കോഴിക്കോട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കും രക്ഷാപ്രവർത്തകർക്കും ഭക്ഷണ വിതരണം നടത്തുന്ന യൂത്ത്ലീഗിന്റെ വൈറ്റ് ഗാർഡ് പ്രവർത്തകരെ ഡിഐജി അപമാനിച്ചതായി പരാതി.
ഡിഐജി തോംസണ് ജോസിനെതിരേ പൊതുപ്രവർത്തകർ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി മനുഷ്യാവകാശ പ്രവർത്തകരായ ഷെരീഫ് മലയമ്മയും നൗഷാദ് തെക്കയിലും അറിയിച്ചു.
നിങ്ങളുടെ ഭക്ഷണം കിട്ടിയിട്ടില്ലെങ്കിൽ ഞങ്ങൾക്കൊരു പുല്ലുമില്ല എന്ന പദപ്രയോഗം ഉപയോഗിച്ചുവെന്നാണ് സന്നദ്ധ സേന പ്രവർത്തകർ പരാതിപ്പെട്ടത്. അതിനിടെ വൈറ്റ് ഗാർഡ് ഉൾപ്പടെ പല സന്നദ്ധ സംഘടനകളും നടത്തിവന്നിരുന്ന ഭക്ഷണ വിതരണം നിർത്തണമെന്നു പറഞ്ഞതിൽ പ്രതിഷേധമല്ല വേദനയാണ് ഉള്ളതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഡിഐജി അടക്കം വൈറ്റ് ഗാർഡിനെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന രീതിയാണ് കണ്ടു വന്നത്. അതുകൊണ്ടാണ് വൈറ്റ് ഗാർഡ് പ്രവർത്തകർ ഭക്ഷണ വിതരണം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഭക്ഷണ വിതരണം തുടരുന്നതിൽ എതിർപ്പില്ല. സർക്കാർ ഒൗദ്യോഗികമായി ആവശ്യപ്പെട്ടാൽ ഇന്നു തന്നെ ഭക്ഷണ വിതരണം പുനരാരംഭിക്കും.
ഭക്ഷണ വിതരണം നിർത്താൻ കാരണം പോലീസിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടു മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രസ്താവന ഇതിൽ ഇടപെടലുകൾ ഉണ്ടോ എന്ന സംശയം ജനിപ്പിക്കുകയാണെന്നും പി.കെ. ഫിറോസ് പറഞ്ഞു.