കാലവർഷക്കെടുതി: സേവനത്തിൽ മടുപ്പ് കാട്ടാതെ ചക്കിട്ടപാറയിലെ കെഎസ്ഇബി ജീവനക്കാർ
1441588
Saturday, August 3, 2024 4:42 AM IST
ചക്കിട്ടപാറ: കാലവർഷം അതിരൂക്ഷമായതോടെ മലയോര മേഖലയിൽ ഏറ്റവും വെല്ലുവിളി നേരിടുന്നത് കെഎസ്ഇബി ജീവനക്കാരാണ്. വൈദ്യുതി വിതരണം നിലച്ചാൽ തുടരെ വിളിയെത്തും. കാടിന്റെയും വൃക്ഷങ്ങളുടെയും ഇടയിലൂടെ ലൈൻ കടന്നു പോകുന്നിനാൽ എളുപ്പം വൈദ്യുതി ബന്ധം തടസപ്പെടും.
കാറ്റടിച്ചാൽ ലൈനുകളിൽ മരം വീണ് വൈദ്യുതി മുടങ്ങും. ഇക്കഴിഞ്ഞ ഒരുമാസ കാലയളവിൽ ഇന്നലെ വരെ മുപ്പതോളം വൈദ്യുത തൂണുകളാണ് ചക്കിട്ടപാറ സെക്ഷൻ ഓഫീസിനു കീഴിൽ തന്നെ തകർന്നത്. പന്തിരിക്കര, പെരുവണ്ണാമൂഴി, ചെമ്പനോട, പൂഴിത്തോട് റൂട്ടിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്.
ജനത്തിന്റെ ബുദ്ധിമുട്ട് മുന്നിൽകണ്ട് പരമാവധി വേഗത്തിൽ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ജീവനക്കാർ.