മഴയ്ക്ക് നേരിയ ശമനം : താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഇറങ്ങി തുടങ്ങി
1441582
Saturday, August 3, 2024 4:42 AM IST
കോഴിക്കോട്: ജില്ലയില്‍ മഴയ്ക്ക് നേരിയ ശമനം. മലയോര മേഖലകളെ അപേക്ഷിച്ച് നഗരത്തില്‍ ഇന്നലെ വളരെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. രണ്ട് ദിവസമായി മഴയ്ക്ക് നേരിയ ശമനമായതോടെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഇറങ്ങി തുടങ്ങി. പുഴകളും കൈവഴികളും കരകവിഞ്ഞു വെള്ളം കയറിയതിനു പിന്നാലെ വീടൊഴിഞ്ഞ കുടുംബങ്ങള്‍ തിരികെയെത്തിത്തുടങ്ങി.
ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാന്പിലേക്കും ഹോട്ടല്‍ മുറികളിലേക്കുമെല്ലാം മാറിയവരാണ് വീടുകളിലേക്കു മടങ്ങിയെത്തുന്നത്. മണിക്കൂറുകളോളം പ്രയത്നിച്ചാണ് പല വീടുകളിലും അടിഞ്ഞുകൂടിയ ചെളിയും മാലിന്യങ്ങളും നീക്കുന്നത്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പലയിടത്തും സന്നദ്ധ പ്രവര്‍ത്തകരുടെ സഹായവുമുണ്ട്. വീടുകള്‍ക്കുള്ളില്‍ പോലും കാണപ്പെടുന്ന അപകടകാരികളായ ഇഴജന്തുക്കളാണ് വീട്ടുകാര്‍ നേരിടുന്ന വെല്ലുവിളി. വീട്ടിനുള്ളിലെത്തിയ വെള്ളത്തിനൊപ്പം കയറിക്കൂടിയതാണിവ. എന്നാല്‍ വെള്ളമിറങ്ങിയെങ്കിലും ഇവ അവിടെ തന്നെ തുടരുന്നത് വെല്ലുവിളിയാണ്.
കിണറുകളും ശുചിമുറികളും ഉപയോഗശൂന്യമായതിനാല് പല വീടുകളും താമസയോഗ്യമാകാന്‍ ദിവസങ്ങള്‍ എടുക്കേണ്ടി വരും. വലിയ സാമ്പത്തിക ബാധ്യതയും ദുരിതബാധിതരെ കാത്തിരിക്കുകയാണ്.
നാല് ദിവസം തുടര്‍ച്ചയായി പെയ്ത അതിതീവ്ര മഴയില്‍ പുഴയും കൈവഴികളും നിറഞ്ഞു പ്രളയസമാനമായ സാഹചര്യത്തിലാണ് ആളുകള്‍ വീടൊഴിഞ്ഞത്.
വെള്ളക്കെട്ടും പകര്‍ച്ചവ്യാധി ഭീഷണിയും
മഴ കുറഞ്ഞെങ്കിലും പലവിധ രോഗങ്ങള്‍ക്കുള്ള സാധ്യതയേറെയാണ്. വെള്ളക്കെട്ട് പൂര്‍ണമായി ഒഴിയാത്തതിനാല്‍ തന്നെ എലിപ്പനിയും മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും കോളറയും അടക്കമുള്ള പകര്‍ച്ചവ്യാധി രോഗങ്ങള്‍ക്കു സാധ്യത കൂടുതലാണ്.
ചൊറിച്ചില്‍ അടക്കമുള്ള ത്വക്ക് രോഗങ്ങള്‍ തടയുന്നതിനായി കൈകളും കാലും സോപ്പ് ഉപയോഗിച്ച് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ചികിത്സ തേടണം.
ഫോട്ടോ : കോഴിക്കോട് മലാപ്പറമ്പ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന്.