സംരക്ഷണ ഭിത്തി പുഴയിലേക്ക് പതിച്ചു; പ്രദേശവാസികൾ ദുരിതത്തിൽ
1441293
Friday, August 2, 2024 4:54 AM IST
മുക്കം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മുക്കം നഗരസഭയിലെ കച്ചേരി പൊറോലത്ത് കടവ് റോഡിന്റെ സംരക്ഷണഭിത്തി പുഴയിലേക്കു തകർന്നു വീണു. ഏതാണ്ട് മുപ്പതു മീറ്ററോളം ദൂരത്തിൽ റോഡിന്റെ പകുതിയോളം ഭാഗം പുഴയിലേക്ക് പതിച്ചിട്ടുണ്ട്. ഇതോടെ പ്രദേശവാസികൾ ദുരിതത്തിലായി.
പ്രദേശത്തെ അഞ്ചോളം വീട്ടുകാർക്ക് ആകെയുള്ള യാത്രാ മാർഗമാണ് ഇതോടെ ഇല്ലാതായത്. റോഡ് ഇടിഞ്ഞു പുഴയിലേക്ക് വീണതിന് പുറമെ പലഭാഗത്തും റോഡിനു വിള്ളലും സംഭവിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ മഴ ഇനിയും ശക്തി പ്രാപിച്ചാൽ റോഡ് ഇനിയും ഇടിയാനുള്ള സാധ്യതയും ഏറെയാണ്. നഗരസഭ ചെയർമാൻ പി.ടി. ബാബു, ഡിവിഷൻ കൗൺസിലർ കെ. ബിന്ദു, കെ. ബാബുരാജ്, കെ.ടി.ഷാജി എന്നിവരും ജലസേചന വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ചു. 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.