തൃക്കുടമണ്ണ തൂക്കുപാലം പൂർണമായും തകർന്നു
1441291
Friday, August 2, 2024 4:54 AM IST
മുക്കം: മുക്കം നഗരസഭയെയും, കാരശേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തൃക്കുടമണ്ണ തൂക്കു പാലം തകർന്നു. മലയോരത്ത് മഴ ശക്തി പ്രാപിക്കുകയും ഇരുവഴിഞ്ഞി കരകവിഞ്ഞൊഴുകുകയും ചെയ്തതോടെ വെള്ളത്തിന്റെ കുത്തൊഴുക്കും, പുഴയിലൂടെ ഒലിച്ചുവന്ന വൻ മരത്തടികളും മറ്റും പാലത്തിലിടിക്കുകയും ചെയ്തതോടെയാണ് കാലപ്പഴക്കമേറെയുള്ള തൂക്കുപാലം പാടെ തകർന്നത്.
ഇരുഭാഗങ്ങളിലും പാലം ഉറപ്പിച്ചു നിർത്തിയിരുന്ന ഇരുമ്പുതൂണുകൾ തകർന്നതോടെ പാലം തൂണുകളിൽ നിന്ന് വേർപെട്ടു പുഴയിൽ പതിച്ച അവസ്ഥയിലാണ്. വർഷങ്ങൾക്കു മുൻപ് പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കാരശേരി പഞ്ചായത്താണ് ഇരുവഴിഞ്ഞിക്കു കുറുകെ തൃക്കുടമണ്ണ തൂക്കുപാലം നിർമിച്ചത്.
കാലപ്പഴക്കം കൊണ്ട് പലപ്പോഴും തുരുമ്പെടുത്തും മറ്റും അപകടാവസ്ഥയിലാവാറുള്ള പാലം പലപ്പോഴും അറ്റകുറ്റ പ്രവൃത്തികൾ നടത്തിയാണ് സഞ്ചാര യോഗ്യമാക്കാറുള്ളത്. പാലം തകർന്നതോടെ കാരശേരി പഞ്ചായത്തിലുൾപ്പെട്ട കുമാരനല്ലൂർ തടപ്പറമ്പ് പ്രദേശത്തുള്ള വിദ്യാർഥികളുൾപ്പെടെയുള്ള നിരവധി യാത്രക്കാർ മുക്കം ടൗണിലേക്കെത്താൻ ഏറെ ദൂരം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയിലാണ്.
മാത്രവുമല്ല മുക്കം പ്രദേശത്തുള്ള നിരവധി ജനങ്ങൾ എത്താറുള്ള തൃക്കുടമണ്ണ ശിവ ക്ഷേത്രത്തിലേക്കുള്ള യാത്രാമാർഗം കൂടിയാണ് ഇതോടെ ഇല്ലാതായത്.