സീതപ്പാറയിലെ കാട്ടാന ശല്യത്തിനറുതി വരുത്താൻ നടപടി സ്വീകരിക്കും: കെ. സുനിൽ
1438126
Monday, July 22, 2024 5:17 AM IST
പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ വാർഡ് ആറിൽപെട്ട സീതപ്പാറ മേഖലയിലെ കാട്ടാന ശല്യത്തിന് അറുതി വരുത്താൻ സത്വര നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ പറഞ്ഞു. ഫോറസ്റ്റ് അധികൃതരെയും ഉൾപ്പെടുത്തി പ്രദേശത്ത് നടത്തിയ വന്യമൃഗ ദുരിതബാധിതരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനാതിർത്തികളിൽ ഹാങ്ങിംഗ് ഫെൻസിംഗ് ഏർപ്പെടുത്തുന്നതിൽ സത്വര നടപടി സ്വീകരിക്കും.
മുൻ കാലത്ത് സ്ഥാപിച്ച സോളാർ ഫെൻസിംഗ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. പ്രശ്ന മേഖലകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കും. കാട്ടാനകൾ ജനസഞ്ചാര മേഖലകളിലിറങ്ങിയാൽ തുരത്തുന്നതിനായി സന്നാഹങ്ങളോടെ വാച്ചർമാരുടെയും വനപാലകരുടെയും വന സംരംക്ഷണ സമിതിയുടെയും സജീവ ശ്രദ്ധ ഉറപ്പാക്കും.
പഞ്ചായത്ത് വാർഡ് അംഗം ആലീസ് പുതിയേടത്ത് അധ്യക്ഷത വഹിച്ചു. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ ഇ. ബൈജുനാഥ്, ശോഭ പട്ടാണിക്കുന്നുമ്മൽ, ഇ.എ. ജെയിംസ്, ജ്യോതിഷ് എടവനക്കണ്ടി, ജോസഫ് പാറക്കൽ, ശാരദ പുല്ല്യാട്ടുകുന്നുമ്മൽ തുടങ്ങിയവർ പ്രസംഗിച്ചു..