നിരവധി വീടുകൾ തകർന്നു : നാദാപുരം മേഖലയിൽ വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്
1437250
Friday, July 19, 2024 5:09 AM IST
നാദാപുരം: ശക്തമായ മഴയിൽ നാദാപുരം മേഖലയിൽ വ്യാപക നാശനഷ്ടം. കല്ലാച്ചിയിൽ വീട് തകർന്നു വീണു. കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വിലങ്ങാട് പുഴയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു പാലം വെള്ളത്തിനടിയിലായി. ചെക്യാട് പഞ്ചായത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് അവധി നൽകി.
ശക്തമായ മഴയിൽ കല്ലാച്ചി ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് പരിസരത്തെ കക്കൂഴി പറന്പത്ത് നാണുവിന്റെ വീടാണ് തകർന്നത്. ബുധനാഴ്ച്ച രാത്രി 11.15 യോടെയാണ് അപകടം. വീട് തകരുന്നത് ശ്രദ്ധയിൽപ്പെട്ട നാണുവിന്റെ മകൻ ബഹളം വയ്ക്കുകയും വീട്ടുകാരോട് ഇറങ്ങി ഓടാൻ ആവശ്യപ്പെടുകയും ചെയ്തു. കുടുംബാംഗങ്ങൾ വീടിനകത്തു നിന്നു പുറത്തേക്ക് ഓടിയ ഉടനെ വീട് നിലംപൊത്തി. വീട്ടിനകത്ത് ഉണ്ടായിരുന്ന സാധന സാമഗ്രികൾ പൂർണമായി നശിച്ചു.
വളയം ചെറുമോത്ത് റോഡിലും സമീപത്തെ നിരവധി വീടുകളിലും തോടിൽ നിന്നു വെള്ളം ഇരച്ചുകയറി. ഈ മേഖലയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. വടകരയിലെ മുഖ്യ കുടിവെള്ള സ്രോതസ്സായ വിഷ്ണുമംഗലം ബണ്ട് കര കവിഞ്ഞ് ഒഴുകി. വിലങ്ങാട് മലയോരത്ത് അതിശക്തമായ മഴയിൽ പുല്ലുവ പുഴയും നിറഞ്ഞൊഴുകി. ഗ്രാമീണ മേഖലയിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലായി.
ചെക്യാട് പഞ്ചായത്തിലെ വേവത്ത് മൂന്നു വീടുകളിൽ വെളളം കയറിയതോടെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
താനക്കോട്ടൂരിൽ മണ്ണിടിഞ്ഞു വീടിന് വിള്ളൽവീണ് ഭീഷണിയിലായ മായന്റോത്തിൽ കരുണാകരന്റെ കുടുംബത്തെ അധികൃതർ മാറ്റി താമസിപ്പിച്ചു. എടച്ചേരി ആലശേരി പത്താം വാർഡിലെ മീത്തലെക്കണ്ടിയിൽ ബാബുവിന്റെ വീടിന്റെ മേൽക്കൂരയിലെ ഇരുന്നൂറോളം ഓടുകൾ ശക്തമായ ചുഴലിക്കാറ്റിൽ പാറി പോയി. മീത്തലെക്കണ്ടി ദേവദാസന്റെ വീടിന്റെ മേൽക്കൂര മരം വീണ് തകർന്നു.
എടച്ചേരി ആലശ്ശേരി പുതിയോട്ടിൽ കേളപ്പന്റെ വീടിനു മുകളിൽ തെങ്ങ് വീണു നാശനഷ്ടമുണ്ടായി. തെണ്ടംങ്കണ്ടി കൃഷ്ണന്റെ വീടിനു മുകളിലും തെങ്ങ് വീണു. വിലങ്ങാട് കൂവത്തോട്ടിൽ രാജുവിന്റെ വീടിന്റെ മേൽക്കൂര തകർന്നു. വീട്ടുകാരെ മറ്റു വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. പേരോട് മീത്തലെ കോറോത്ത് ദാസന്റെ വീട്ടുമതിലും ഗേറ്റും ശക്തമായ മഴയിൽ ഇടിഞ്ഞു വീണു.