പിഎസ്സിയെ മാര്‍ക്കറ്റില്‍ വില്‍ക്കുന്നു: കെ.എം. ഷാജി
1436763
Wednesday, July 17, 2024 7:40 AM IST
കോഴിക്കോട്: പിഎസ്സിയേയും അംഗങ്ങളെയും മാര്‍ക്കറ്റില്‍ വരെ വില്‍ക്കുന്ന അഴിമതിയാണിപ്പോള്‍ നടക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി.
പിഎസ്സിയുടെ വിശ്വാസ്യതയെ സംസ്ഥാന സര്‍ക്കാര്‍ കളഞ്ഞു കുളിച്ചതായി അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. "വില്‍ക്കാനുണ്ട് പിഎസ്സി, വില്‍ക്കാനുണ്ട് ജോലി' എന്ന നിലയിലേക്കാണിപ്പോള്‍ കാര്യങ്ങള്‍ മാറിയത്. മന്ത്രി റിയാസിന്റെയും സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റേയും നേതൃത്വത്തിലുള്ള രണ്ട് ടീമായാണ് കോഴിക്കോട് കാര്യങ്ങള്‍ നടത്തുന്നത്. ഇവരുടെ രഹസ്യങ്ങള്‍ മറനീക്കി പുറത്തുവരും.
കോര്പറേഷന് ഭൂമിയില്‍ നടന്നിട്ടുള്ള കള്ളക്കളിയില്‍ മന്ത്രിയുടെ സന്തതസഹചാരികളും കൂട്ടാളികളുമാണ് ഉള്‍പ്പെട്ടത്. ഇക്കാര്യങ്ങള്‍ അടുത്തതന്നെ പുറത്തുകൊണ്ടുവരും. മലബാറില്‍ നടക്കുന്ന എല്ലാ പ്രശ്നങ്ങളും ഒത്തുതീര്‍പ്പാക്കുന്നത് പി. മോഹനന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നും താഴെതട്ടുവരെ അഴിമതി നിറഞ്ഞു നില്ക്കുന്ന കാലഘട്ടം ഇതിന് മുമ്പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.