പിവിആർ റിസോർട്ടിലെ തടയണ നിർമാണ വിവാദം: കളക്ടർ ഇന്ന് വിചാരണ നടത്തും
1436762
Wednesday, July 17, 2024 7:40 AM IST
മുക്കം: പി.വി. അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ റിസോർട്ടിൽ തടയണ നിർമിച്ചപ്പോൾ കാട്ടരുവി ഇല്ലാതാക്കിയെന്ന പരാതിയിൽ ഹൈക്കോടതി ഉത്തരവു പ്രകാരം കോഴിക്കോട് കളക്ടർ ഇന്ന് ബന്ധപ്പെട്ട കക്ഷികളുടെ വിചാരണ നടത്തും.
പിവിആർ നാച്വറോ റിസോർട്ടിൽ കാട്ടരുവി തടഞ്ഞു നിർമിച്ച നാലു തടയണകൾ പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനിടെ മണ്ണിടിച്ച് കാട്ടരുവി തന്നെ ഇല്ലാതാക്കിയെന്ന ഗ്രീൻ മൂവ്മെന്റ് ജനറൽ സെക്രട്ടറി ടി.വി. രാജന്റെ പരാതിയിലാണ് രണ്ടു മാസത്തിനകം കക്ഷികളെ കേട്ടശേഷം കളക്ടർ നടപടിയെടുക്കണമെന്ന് ഇക്കഴിഞ്ഞ മാർച്ച് 18ന് ജസ്റ്റിസ് മുരളി പുരുഷോത്തമൻ ഉത്തരവിട്ടത്.
ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരൻ ടി.വി. രാജൻ, കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി, താമരശേരി തഹസിൽദാർ, കൂടരഞ്ഞി വില്ലേജ് ഓഫീസർ, പിവിആർ നാച്വറോ റിസോർട്ട് മാനേജർ എന്നിവർക്കാണ് രേഖകൾ സഹിതം ഇന്ന് രാവിലെ 12ന് കളക്ടറേറ്റിൽ വിചാരണയ്ക്ക് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുള്ളത്. കഴിഞ്ഞ മാസം 25ന് ഹിയറിംഗിന് നോട്ടീസ് നൽകിയിരുന്നെങ്കിലും കളക്ടർക്ക് തിരുവനന്തപുരത്ത് യോഗമുള്ളതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. അഞ്ചു വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പി.വി. അൻവറിന്റെ അപ്പീൽ തള്ളി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻബെഞ്ച് റിസോർട്ടിലെ നാലു തടയണകളും ഒരു മാസത്തിനകം പൊളിച്ചുനീക്കാൻ കഴിഞ്ഞ വർഷം ജനുവരി 31ന് ഉത്തരവിട്ടത്.
തടയണകൾ പൊളിച്ചുനീക്കുന്നതിന്റെ മറവിൽ ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴിയായ കാട്ടരുവി തന്നെ മണ്ണിട്ടു മൂടിയെന്നാണ് ടി.വി. രാജന്റെ പരാതി. ടി.വി. രാജൻ കഴിഞ്ഞ വർഷം ജൂണ് 26ന് കോഴിക്കോട് കളക്ടർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് തടയണകൾ നിർമിച്ചതെന്നു കാണിച്ച് കൂടരഞ്ഞി വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ജില്ലാ കളക്ടർ തുടർനടപടി സ്വീകരിക്കാതിരുന്നതോടെ ടി.വി. രാജൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടു മാസത്തിനകം കോഴിക്കോട് കളക്ടർ തീരുമാനമെടുക്കാൻ ഹൈക്കോടതി 2020 ഡിസംബർ 22ന് ഉത്തരവിട്ടു.
സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോർട്ട് പരിഗണിച്ചുവേണം കളക്ടർ നടപടിയെടുക്കേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവു വന്ന് അഞ്ചുമാസമായിട്ടും കളക്ടർ നടപടി സ്വീകരിച്ചില്ല. ഇതോടെ രാജൻ കോഴിക്കോട് കളക്ടർക്കെതിരേ ഹൈക്കോടതിയിൽ കോടതി അലക്ഷ്യഹർജി നൽകി. തുടർന്ന് തടയണകൾ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം കൂടരഞ്ഞി പഞ്ചായത്ത് സ്വന്തം ചെലവിൽ പൊളിച്ചുനീക്കി ഇതിനു ചെലവായ തുക തടയണ കെട്ടിയവരിൽ നിന്നു ഈടാക്കണമെന്നും കോഴിക്കോട് കളക്ടർ 2021 ഓഗസ്റ്റ് 30ന് ഉത്തരവിട്ടിരുന്നു.
അതിനിടെ പി.വി. അൻവർ എംഎൽഎ, റിസോർട്ട് ഉൾപ്പെടുന്ന സ്ഥലം കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വിൽപന നടത്തി. തടയണകൾ പൊളിച്ചാൽ അവയ്ക്കു മുകളിലൂടെ നിർമിച്ച റോഡ് തകരുമെന്നും തനിക്കും സമീപവാസികൾക്കും വഴി നഷ്ടപ്പെടുമെന്നും കാണിച്ച് ഷഫീഖ് ആലുങ്ങൽ ഹൈക്കോടതിയെ സമീപിച്ചു. തടയണകൾ പൊളിക്കുന്നത് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു.
വിശദമായ വാദം കേൾക്കലിനു ശേഷം തടയണകൾ ഒരു മാസത്തിനകം പൊളിച്ചുനീക്കാൻ കഴിഞ്ഞ വർഷം ഒക്ടോബർ 26ന് ജസ്റ്റിസ് വി.ജി. അരുണിന്റെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഈ ഉത്തരവിനെതിരേ പി.വി. അൻവറും ഷെഫീഖ് ആലുങ്ങലും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു. ഈ അപ്പീൽ തള്ളിയാണ് തടയണകൾ ഒരു മാസത്തിനകം പൊളിക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.