മാവൂര്‍ എന്‍ഐടി-കൊടുവള്ളി റോഡ് പ്രത്യേക യോഗം വിളിക്കും: മന്ത്രി മുഹമ്മദ് റിയാസ്
1430605
Friday, June 21, 2024 5:32 AM IST
കോഴിക്കോട്: മാവൂര്‍ എന്‍ഐടി-കൊടുവള്ളി റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിച്ചു ചേർക്കാൻ പൊതുമരാമത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തുമെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു.
പി.ടി.എ. റഹീം എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മാവൂര്‍ എന്‍ഐടി-കൊടുവള്ളി റോഡ് വികസനത്തിനു ഭരണാനുമതി നൽകിയത്. ഭൂമി ഏറ്റെടുക്കുന്നതിന് ഏഴ് കോടി ഉള്‍പ്പെടെ 52.20 കോടിയുടെ സാമ്പത്തികാനുമതി നല്‍കിയിട്ടുണ്ട്.
നിലവില്‍ പ്രവൃത്തിയുടെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നടന്നുവരികയാണ്. അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കുകയും റവന്യു അധികൃതരുമായുള്ള സംയുക്ത പരിശോധനക്ക് ശേഷം റവന്യൂ സര്‍വേ നടന്നുവരികയുമാണ്. നേരത്തെ ഭൂ വിനിയോഗ അനുമതി ലഭ്യമാക്കി പ്രവൃത്തി നേരത്തെ ആരംഭിക്കണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യത്തില്‍ ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. മുറിച്ചുമാറ്റേണ്ട മരങ്ങളും പൊളിച്ചുമാറ്റേണ്ട ചുറ്റുമതിലുകളും ഉൾപ്പെടയുള്ളവയുടെ വിലനിര്‍ണ്ണയത്തിന് ഇത് തടസമായേക്കും. ഇക്കാര്യത്തില്‍ റവന്യു വകുപ്പിന്റെയും കിഫ്ബിയുടെയും അഭിപ്രായം പ്രധാനമാണ്. അതുകൊണ്ട് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഒരു യോഗം വിളിച്ചുചേര്‍ക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുമെന്നു മന്ത്രി വ്യക്തമാക്കി.