മഴക്കാല പരിശോധന: ലൈസൻസില്ലാത്ത 18 സ്ഥാപനങ്ങൾ പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്
1430604
Friday, June 21, 2024 5:32 AM IST
കോഴിക്കോട്: ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിന്റെ മഴക്കാല രോഗങ്ങൾ പകരുന്നതു തടയുന്നതിനായി ഓപറേഷൻ മണ്സൂണ് എന്ന പേരിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് കോഴിക്കോട് ജില്ലയിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ ലൈസൻസില്ലാതെ പ്രവർത്തിച്ച 18 സ്ഥാപനങ്ങൾ പൂട്ടിച്ചു.
ചൊവ്വാഴ്ച ഭക്ഷ്യസുരക്ഷ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള അഞ്ച് സ്ക്വാഡുകൾ 250 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ചെറിയ ന്യൂനത കണ്ടെത്തിയ 36 സ്ഥാപനങ്ങൾക്ക് നോട്ടീസും ഒന്നിലധികം ന്യൂനത കണ്ടെത്തിയ 12 സ്ഥാപനങ്ങൾക്ക് പിഴ അടക്കുന്നതിനുളള നോട്ടീസും നൽകി.
ഭക്ഷ്യസുരക്ഷാ നിയമം 2006 സെക്ഷൻ 63 പ്രകാരം ലൈസൻസ്/രജിസ്ട്രേഷൻ ഇല്ലാതെ ഭക്ഷ്യ സ്ഥാപനം നടത്തുന്നത് 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
2012ൽ നിയമം പ്രാബലൃത്തിൽ വന്നുവെങ്കിലും ഇപ്പോഴും ലൈസൻസ് ഇല്ലാത്ത ഭക്ഷ്യ ഉല്പാദന സംഭരണ വിതരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഹോട്ടലുകൾ മാത്രമല്ല പലചരക്ക് കടകൾ, പച്ചക്കറി കടകൾ, പഴക്കടകൾ, കാന്റീനുകൾ, മത്സ്യ-മാംസ വില്പന ശാലകൾ, വീടുകളിലെ കേക്ക് നിർമാണം, ഉന്തു വണ്ടികളുമായി നടന്നുള്ള വില്പന, തട്ടു കടകൾ എന്നിവയെല്ലാം ഭക്ഷ്യസുരക്ഷ ലൈസൻസ്/രജിസ്ട്രേഷൻ എടുക്കണം.
ദിവസം 3500 രൂപയിൽ താഴെ മാത്രം വില്പന ഉളളതും ഒരാൾ തനിയെ നടത്തുന്നതും കൊണ്ടുനടന്നുളള വില്പനയും മാത്രമാണ് രജിസ്ട്രേഷൻ പരിധിയിൽ വരുന്നത്. മറ്റ് നിരവധി സ്ഥാപനങ്ങൾ തെറ്റായ സത്യവാംഗ്മൂലം നൽകി ലൈസൻസിന് പകരം രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ എ. സക്കീർ ഹുസൈൻ അറിയിച്ചു.