ലക്ഷങ്ങൾ മുടക്കി നിർമിച്ച വഴിയോര വിശ്രമകേന്ദ്രം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ച
1429935
Monday, June 17, 2024 5:25 AM IST
മുക്കം: കാരശേരി പഞ്ചായത്തിലെ നോർത്ത് കാരശേരി മാടാം പുറത്ത് നിർമിച്ച വഴിയോര വിശ്രമ കേന്ദ്രമായ ടേക്ക് എ ബ്രെയ്ക്ക് അനാഥാവസ്ഥയിൽ. രണ്ട് ആഴ്ചയായി കേന്ദ്രം അടഞ്ഞു കിടക്കുകയാണ്.
സംസ്ഥാന പാതയിൽ മുക്കം-അരീക്കോട് റോഡിലെ കേന്ദ്രം നൂറു കണക്കിന് ദീർഘദൂര യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് അനുഗ്രഹമായിരുന്നു. വഴിയോര വിശ്രമ കേന്ദ്രത്തിനോട് ചേർന്ന് ഹോട്ടലും പ്രവർത്തിച്ചിരുന്നു ഇതും അടച്ചു പൂട്ടി.
മാസം നാൽപ്പതിനായിരത്തോളം രൂപ വാടക നൽകി പ്രവർത്തിച്ചിരുന്ന ഹോട്ടൽ എഗ്രിമെന്റ് കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് പൂട്ടിയത്. വാടക കുറച്ചു നൽകിയാൽ ഹോട്ടൽ ഇനിയും ഇവിടെ പ്രവർത്തിച്ചേക്കും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി സർക്കാരും സ്വച്ഛ് ഭാരത് മിഷനും തദ്ദേശഭരണ സ്ഥാപനങ്ങളും ചേർന്ന് എല്ലായിടത്തുംഇത്തരം വഴിയോരവിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നുണ്ട് .
ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാൻ സൗകര്യമൊരുക്കലാണ് ലക്ഷ്യം. വിശാലമായ സൗകര്യങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിൽ ഒരുക്കുക. ടെലിവിഷനും എയർ കണ്ടീഷനും മൊബൈൽ ഫോൺ ചാർജു ചെയ്യുന്നതിനുള്ള സൗകര്യവുമടങ്ങുന്ന ഇരുനില കെട്ടിടവും അതിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും രണ്ടു വിതം ശൗചാലയവും ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന ശൗചാലയവും അടങ്ങുന്നതാണ് പദ്ധതി.
ഇരുനില കെട്ടിടത്തിൽ ഒരു നിലയേ ഇവിടെപൂർത്തിയായുള്ളുവെങ്കിലും കഴിഞ്ഞ ജൂൺ 14ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ച ഈ കെട്ടിടത്തിലും സൗകര്യങ്ങളെല്ലാമുണ്ട്. 42,19,000 രൂപയാണ് ചിലവ്. യാത്രക്കാർക്ക് താമസിക്കാനുള്ള മുറികളും ഡോർമെറ്ററിയുമടങ്ങുന്ന മുകൾനിലയാണ് ഇനി നിർമിക്കാനുള്ളത്