എഐ സ്മാർട്ട് ഫെൻസിംഗ് വനം മന്ത്രി സന്ദർശിച്ചു
1429928
Monday, June 17, 2024 5:16 AM IST
കൽപ്പറ്റ: വന്യജീവി പ്രതിരോധത്തിനു സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽ ഇരുളം സെക്ഷനിൽപ്പെട്ട പാന്പ്ര ചേലക്കൊല്ലിയിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കുന്ന എഐ സ്മാർട്ട് ഫെൻസിംഗ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ സന്ദർശിച്ചു. പ്രതീക്ഷിക്കുന്നതുപോലെ വിജയിച്ചാൽ സ്മാർട്ട് ഫെൻസിംഗ് കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
വന്യമൃഗങ്ങൾ ഇറങ്ങാൻ ഇടയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പു നൽകുന്ന സംവിധാനം വ്യാപിപ്പിക്കും. ഫലപ്രദമായ ആശയവിനിമയ സംവിധാനം സംബന്ധിച്ച് നിരവധി നിർദേശങ്ങൾ വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ചേലക്കൊല്ലിയിൽ സ്മാർട്ട് ഫെൻസിംഗ് സ്ഥാപിക്കുന്നതെന്നു മന്ത്രി വ്യക്തമാക്കി.
ചേലക്കൊല്ലിയിൽ ആനകൾ സ്ഥിരമായി ഇറങ്ങുന്ന ചതുപ്പുഭാഗത്ത് 70 മീറ്റർ നീളത്തിലാണ് സ്മാർട്ട് വേലി നിർമിക്കുന്നത്. ഏകദേശം 70 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. 50 മീറ്റർ പരിധിയിൽ വന്യജീവികളുടെ സാന്നിധ്യം തിരിച്ചറിയാനും മുന്നറിയിപ്പ് നൽകാനുമുള്ള സംവിധാനം സ്മാർട്ട് വേലിയുടെ ഭാഗമാണ്.