എഐ കാമറ കണ്ടെത്തിയ നിയമലംഘനം: സന്ദേശമയച്ച് പിഴയടപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്
1429921
Monday, June 17, 2024 5:16 AM IST
കോഴിക്കോട്: എഐ കാമറ കണ്ടെത്തിയ നിയമലംഘനങ്ങളില്‍ പിഴ അടയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പിഴയിട്ട് മുന്നുമാസം കഴിഞ്ഞിട്ടും അടയ്ക്കാത്തവരുടെ മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസായി പിഴ അടയ്ക്കാനുണ്ടെന്നും അടച്ചില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും കാണിച്ചാണ് സന്ദേശം വരുന്നത്.
പത്ത് ദിവസത്തിനകം പിഴ അടയ്ക്കാനുള്ള നിര്‍ദേശമാണ് വന്നിരിക്കുന്നത്. അതേസമയം പലരും സന്ദേശം വന്നശേഷമാണ് "കാമറയില്‍ കുടുങ്ങിയ' കാര്യം അറിയുന്നത് തന്നെ. ഇതുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള നോട്ടീസോ മറ്റ് അറിയിപ്പോ പലര്‍ക്കും ലഭിച്ചിട്ടില്ല.
മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് എഐ കാമറ വഴി പിഴയീടാക്കാന്‍ നോട്ടീസയക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തിയിരുന്നു. അതേസമയം പരിവാഹന്‍ സൈറ്റില്‍ കയറി വാഹന നമ്പര്‍ നൽകിയാണ് ഉടമകള്‍ തങ്ങളുടെ വാഹനത്തിന് പിഴയുണ്ടോ എന്ന കാര്യം നോക്കുന്നത്. ഭൂരിഭാഗംആളുകളും ഇത്തരം കാര്യങ്ങള്‍ നോക്കാറുമില്ല.
കണ്ടെത്തിയ നിയമലംഘനങ്ങളുടെ മൂന്നിലൊന്നു പോലും ഇക്കാരണത്താൽ പിഴയായി സര്‍ക്കാര്‍ ഖജനാവിലേക്ക് എത്താറുമില്ല. പിഴ അടയ്ക്കാത്തവര്ക്കതിരേ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രഖ്യാപനം നടപ്പാകാത്തതും ഇതിന് കാരണമായി.
പിഴ അടയ്ക്കാത്തവര്‍ക്ക് ഇന്‍ഷ്വറന്‍സ് പുതുക്കി നല്കാതിരിക്കാന് ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ചര്‍ച്ചനടത്തിയെങ്കിലും അതും ഫലവത്തായില്ല.
നിലവില്‍ വാഹനങ്ങളുടെ ക്രയവിക്രയങ്ങള്‍ നടക്കണമെങ്കില്‍ മാത്രമാണ് നിയമലംഘനത്തിനുള്ള പിഴ ഒരു തടസമാകുന്നത്. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ഇടാതെയുള്ള നിയമലംഘനങ്ങളാണ് എഐ കാമറകള്‍ കണ്ടെത്തിയതില്‍ ഏറെയും.
500 രൂപയാണ് ഇതിനുള്ള പിഴ. കാമറ സ്ഥാപിച്ച കരാര്‍ കമ്പനികള്‍ അറ്റകുറ്റപ്പണികൾ നിര്‍ത്തിയതോടെ എത്ര കാമറകള്‍ പ്രവര്‍ത്തിക്കുന്നുവെന്നതിലും അവ്യക്തതയുണ്ട്. അതുകൊണ്ടുതന്നെ നിയമലംഘനങ്ങള്‍ തുടരുമ്പോഴും കാമറ കണ്ണില്പെടുന്നത് വളരെ ചുരുക്കം മാത്രമാണ്.