ശുചിത്വമില്ല; വാണിമേലിൽ രണ്ട് കടകൾ പൂട്ടി
1429238
Friday, June 14, 2024 5:37 AM IST
നാദാപുരം: വാണിമേൽ വെള്ളിയോട് ഹൈസ്ക്കൂൾ പരിസരത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ശുചിത്വമില്ലാതെ കണ്ടെത്തിയ രണ്ട് കടകൾ പൂട്ടി.
ഉപയോഗയോഗ്യമല്ലാത്തതും, കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തിയ നടുവൊടിഞ്ഞ പറമ്പത്ത് ശ്രീധരന് 10,000 രൂപ പിഴയടപ്പിച്ചു. ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച ശേഷം മാത്രം തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂവെന്നും നിർദേശിച്ചു.
ഭൂമിവാതുക്കൽ ടൗണിലെ ദോഹാ തട്ടുകട, മത്സ്യബൂത്തുകൾ, പച്ചക്കറിക്കടകൾ, വർക്ക് ഷാപ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കാതെ അഴുക്കുചാലുകളിലേക്ക് തള്ളുന്ന സ്ഥാപനങ്ങൾക്ക് താക്കീത് നൽകി.
ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്തതിനും, മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കാത്തതിനും ദോഹ തട്ടുകടയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നിർദേശിച്ചു. പരിശോധനയ്ക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ് നേതൃത്വം നൽകി.