തെരഞ്ഞെടുപ്പ് കഴിഞ്ഞു; കാട്ടുപന്നികളുടെ ഉല്ലാസ കാലത്തിന് വിരാമം
1429236
Friday, June 14, 2024 5:37 AM IST
പേരാമ്പ്ര: പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് മുന്നോടിയായി ലൈസൻസുള്ള തോക്കുകൾ അതാത് പോലീസ് സ്റ്റേഷനുകളിൽ ഡെപ്പോസിറ്റ് ചെയ്യണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചാരിയ തോക്കുകൾ ഉടമകൾക്ക് വീണ്ടും നൽകിത്തുടങ്ങി.
കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി സ്റ്റേഷൻ പരിധിയിൽ പെട്ട ഏഴ് തോക്കുകൾ ഉടമകൾക്ക് തിരികെ നൽകുകയുണ്ടായി. ഇതിൽ ചിലർ എംപാനൽ ഷൂട്ടർമാരാണ്.
പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ നിർദേശാനുസരണം കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാൻ അനുവാദമുള്ളവരാണ് ഇവർ. തെരഞ്ഞെടുപ്പ് സമയത്തും എംപാനൽ ഷൂട്ടർമാരുടെ തോക്കുകൾ അവരെ ഏൽപ്പിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അനുവദിക്കുകയുണ്ടായില്ല.
കൊയിലാണ്ടി താലൂക്കിൽപെട്ടവരുടെ തോക്കുകളാണു തിരികെ ലഭിച്ചത്. അതേസമയം തിരുവമ്പാടി ഉൾപ്പെടെ മേഖലകളിൽ തോക്കുകൾ നൽകിയിട്ടില്ല. വയനാട് പാർലമെന്റ് മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പു സാധ്യതകൾ പരിഗണിച്ച് മാത്രമെ ഇവിടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുകയുള്ളു.
ഏതായാലും കൊയിലാണ്ടി താലൂക്കിലെ കാട്ടുപന്നികളുടെ ഉല്ലാസ കാലത്തിനു വിരാമമായി. കർഷകർക്ക് ശല്യമുണ്ടാക്കിയാൽ ഏത് നിമിഷവും എംപാനൽ ഷൂട്ടർമാരുടെ തോക്കിന് ഇരയാകാം.