പേരാമ്പ്ര പഞ്ചായത്തിൽ അഴിമതിയും ഭരണ സ്തംഭനവുമെന്ന് യുഡിഎഫ്
1424596
Friday, May 24, 2024 5:10 AM IST
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിൽ അഴിമതിയും ഭരണ സ്തംഭനവുമാണ് നടക്കുന്നതെന്ന് യുഡിഎഫ് ആരോപിച്ചു.
പകർച്ച വ്യാധിയും സാംക്രമിക രോഗങ്ങളും പടർന്നു പിടിക്കുമ്പോഴും പേരാമ്പ്ര പഞ്ചായത്ത് ഭരണ സമിതി നോക്കു കുത്തിയാവുകയാണെന്നു യുഡിഎഫ് നേതാക്കളായ രാജൻ മരുതേരി, കെ.പി. റസാഖ്, ബാബു തത്തക്കാടൻ, പി.എസ്. സുനിൽകുമാർ, കെ.സി. രവീന്ദ്രൻ, പുതുക്കുടി അബ്ദുറഹിമാൻ, മഠത്തിൽ രമേശൻ എന്നിവർ പേരാമ്പ്ര പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
മഴക്കാല പൂർവ ശുചീകരണങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. ടൗണിൽ ഉൾപ്പെടെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തത് കാരണം മഴയിൽ ഇവ ചീഞ്ഞു അഴുകി ഒലിക്കുന്ന അവസ്ഥയാണ്. ഇതിനെതിരേയാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിനു മുന്നിൽ യുഡിഎഫ് സൂചന സമരം നടത്തിയത്.
സമരത്തോടു നിഷേധാത്മക നിലപാടാണ് പഞ്ചായത്ത് സ്വീകരിച്ചത്. ജനവാസ കേന്ദ്രമൊഴികെ എവിടെ മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനും യുഡിഎഫ് എതിരല്ല. പുറ്റംപൊയിലിൽ സ്ഥാപിക്കുവാൻ തീരുമാനിച്ചപ്പോൾ എതിർപ്പുയർത്തിയതു മുൻ പഞ്ചായത്ത് പ്രസിഡന്റും മുൻ എംഎൽഎയുമായ സിപിഎം നേതാവാണ്.
കഴിഞ്ഞ അഞ്ച് വർഷം മാത്രം മാലിന്യം കയറ്റി അയക്കുവാൻ ഏജൻസികൾക്കു നൽകിയത് വൻ തുകയാണ്. ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾ വേർ തിരിച്ച് നൽകിയ വകയിൽ വലിയ വരുമാനമുണ്ടായി എന്നാണ് ഭരണ നേതൃത്വം പറയുന്നത്. ഇതിനെപ്പറ്റി വിവരാവകാശം ചോദിച്ചപ്പോൾ കണക്കെല്ലാം കത്തിപ്പോയി എന്നാണ് മറുപടി. ഇതിലൊക്കെ നടക്കുന്നത് ലക്ഷങ്ങളുടെ അഴിമതിയാണ്.
ഹരിത കർമ സേന അംഗങ്ങൾ വീടുകളിൽ നിന്നു പിരിവെടുക്കുന്ന സംഖ്യക്കും യാതൊരു കണക്കുമില്ല. പേരാമ്പ്ര പഞ്ചായത്തിൽ അംഗീകൃത ശുചീകരണ തൊഴിലാളികൾ പലരും ശുചീകരണ ജോലികൾ ചെയ്യുന്നില്ല. പകരം കൂലിക്ക് ആളെ വച്ച് പ്രവൃത്തി എടുപ്പിക്കുകയും അംഗീകൃത തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിലിരിക്കുകയുമാണ്.
ലൈഫ് ഭവനപദ്ധതിയിൽ അർഹരായവർക്ക് ആനുകൂല്യം നൽകുന്നില്ല. റോഡുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നില്ല. കോടികൾ മുടക്കി പേരാമ്പ്ര ടൗണിൽ സൗന്ദര്യവത്ക്കരണം നടപ്പാക്കിയെങ്കിലും ഒരു മഴ പെയ്താൽ പേരാമ്പ്ര ടൗൺ വെള്ളത്തിനടിയിലാണ്. 86 ലക്ഷം രൂപ മുടക്കി നിർമിച്ച പേരാമ്പ്ര മത്സ്യ മാർക്കറ്റ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരിക്കുന്നു.
ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്ന രൂപത്തിൽ ലൈസൻസില്ലാതെ ഒട്ടേറെ സ്ഥാപനങ്ങൾ പേരാമ്പ്രയിൽ പ്രവർത്തിക്കുന്നു. ഈ ദുരവസ്ഥയിൽ നിന്നു പേരാമ്പ്ര പഞ്ചായത്തിനെ മോചിപ്പിക്കുവാൻ യുഡിഎഫ് ശക്തമായ ജനകീയ സമരത്തിനു നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു.