മണിക്കൂറുകളോളം പെരുംമഴ: ജില്ലയിൽ വ്യാപക നാശ നഷ്ടം
1424592
Friday, May 24, 2024 5:10 AM IST
കോഴിക്കോട്: ബുധനാഴ്ച വൈകീട്ടു മുതൽ ഇന്നലെ രാത്രി വരെ പെയ്ത ശക്തമായ മഴയിൽ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശം. താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിലായി.
റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തേഞ്ഞിപ്പലം -കോഴിക്കോട് റൂട്ടിൽ രാമനാട്ടുകരയിൽ മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. അഗ്നിശമനസേന ഏറെ പണിപ്പെട്ടാണ് മണ്ണ് നീക്കിയത്. മാവൂരിലെ തെങ്ങിലക്കടവ് ആയംകുളം റോഡിലെ പുതുക്കുടി ഭാഗം പൂർണമായും ചാലിയാറിന്റെ കൈവഴിയായ ചെറുപുഴയിലേക്ക് ഇടിഞ്ഞുതാണു.
ബാലുശേരിയിൽ വീവേഴ്സ് കോളനിയിൽ വെള്ളം കയറി, ഒൻപത് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കോട്ടനട പുഴ കരകവിഞ്ഞൊഴുകി. വെള്ളം കയറി രാമനാട്ടുകര കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം തടസപ്പെട്ടു. പെരുമണ്ണയിലും വീടുകളിൽ വെള്ളം കയറി. രാമനാട്ടുകരയിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് യൂണിവേഴ്സിറ്റി ജീവനക്കാരൻ രഘുവിന്റെ കാലിന് പരുക്കേറ്റു.
വടകരയിൽ നിർത്തിയിട്ട കാറിന് മുകളിൽ മരം വീണു. മാവൂരിൽ വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്. രാത്രി വെള്ളം കയറിയ കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായി. ബാലുശേരി ടൗണിലും പരിസരങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിടുണ്ട്.
ഇലക്ട്രോണിക്സ് കടകളിൽ ഉൾപ്പെടെ വെള്ളം കയറി. ബാലുശേരിയിലും സമീപ പ്രദേശങ്ങളായ പനങ്ങാട് , നൻമണ്ട, കക്കോടി എന്നിവിടങ്ങളിലും മേഘവിസ്ഫോടനത്തിനു സമാനമായ മഴയാണ് പെയ്തത്. കക്കോടി പുഴയിലെ ജലനിരപ്പ് ഉയർന്നു കനാലുകളോട് ചേർന്ന വീടുകളിലും റോഡിലും വെള്ളപ്പൊക്കം ഉണ്ടായി.
എകരൂലിൽ അങ്ങാടികളിലും വള്ളിയോത്ത് റോഡരികിലെ വീടുകളിലും വെളളക്കയറിയതിനെ തുടർന്ന് വൈദ്യുതി ബന്ധം നിലച്ചു. മലയോര പ്രദേശങ്ങളായ തലയാട്, കക്കയം, കട്ടിപ്പാറ എന്നിവിടങ്ങളിലെ തോടുകളിൽ വെള്ളം കൈവഴികൾ കവിഞ്ഞൊഴുകി. മലയോരത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഉച്ചയോടെ മഴയ്ക്ക് അൽപം ശമനം വന്നു.
താമരശേരി താലൂക്ക് പനങ്ങാട് വില്ലേജിലെ മൂന്ന് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് എട്ടുപേരെ അങ്കണവാടിയിലേക്ക് മാറ്റി. മാവൂർ വില്ലേജിലെ ഊർക്കടവിൽ അരീക്കുഴിയിൽ സുബൈറിന്റെ വീടിനു സമീപത്തുള്ള മതിൽ ഇടിഞ്ഞ് വീടിനു മുകളിലേക്ക് വീണു.
മൂന്നു കുട്ടികളും നാലു മുതിർന്നവരും അടങ്ങിയ കുടുംബത്തോടു സുരക്ഷിത സ്ഥലത്തേക്കു മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകി. നൻമണ്ട വില്ലേജ് എഴുകുളത്ത് വീടുകളിൽ വെള്ളം കയറി 46 കുടുംബങ്ങളെ വിവിധ ക്യാംപുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
താമരശേരി താലൂക്കിലെ കിനാലൂർ വില്ലേജിലെ കെഎസ്ഐഡിസി കെട്ടിടത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. ഇടിമിന്നലിൽ പന്തീരാങ്കാവ് മുതുവനത്തറ പുത്തലത്ത് ഇന്ദ്രധനുസിൽ തൊട്ടിയിൽ ജനാർദനന്റെ വീടിന് തീപിടിച്ചു. സന്ധ്യക്കാണ് ഇടിമിന്നലുണ്ടായത്.
വീട്ടിലെ വൈദ്യുതി വയറുകളിൽ തീ പടർന്നത് ഭീതി പടർത്തി. ഒരു മുറിയിലാണ് അഗ്നിബാധയുണ്ടായത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ജനാർദനന്റെ മകൻ ഷിൽജിത്തിന്റെ പാസ്പോർട്ട് ഉൾപ്പെടെയുള്ള പ്രധാനരേഖകൾ കത്തിനശിച്ചു. ഷിൽജിത്ത് ഈ മാസം അവസാനം ന്യൂസീലൻഡിലേക്ക് പോകാനിരിക്കെയാണ് പാസ്പോർട്ട് കത്തിനശിച്ചത്. മീഞ്ചന്ത അഗ്നിരക്ഷാസേന എത്തി തീ അണച്ചു.