ദേശീയപാതയോരത്ത് മണ്ണിടിച്ചിൽ ഭീഷണിയിൽ മൂന്ന് കുടുംബങ്ങള്‍
1424397
Thursday, May 23, 2024 5:35 AM IST
കൊയിലാണ്ടി: ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ വാർഡ് 30 കോമത്തു കരയിലെ വീട്ടുകാർ മണ്ണിടിച്ചിൽ ഭീഷണിയിൽ.
കോമത്തുകര കിഴക്കെപുത്തൻവളപ്പിൽ സുരേന്ദ്രൻ, ആവണിയിൽ പത്മിനി, ചരപറമ്പിൽ ലക്ഷ്മി എന്നീ മൂന്നു കുടുംബമാണ് ഇവിടെ താമസിക്കുന്നത്. നിർമാണത്തിന്റെ ഭാഗമായി മണ്ണ് എടുത്തു മാറ്റിയപ്പോൾ ഇവരുടെസ്ഥലം വളരെ ഉയരത്തിലായി മാറി.
മഴ ആരംഭിച്ചതോടെ കുന്നു ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഹൈവേയുടെ പടിഞ്ഞാറു ഭാഗത്തുകൂടിയുള്ള സർവീസ് റോഡിന്റെ പണി ആരംഭിച്ചാൽ ഉയർന്ന മതിൽ തകർന്നു വീഴുന്ന സ്ഥിതിയിലാണ്.
ദേശീയപാത നിർമാണ വിഭാഗവും ജില്ലാ ഭരണകൂടവും അടിയന്തരമായി ഈ കാര്യത്തിൽ ഇടപെടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നേരത്തെ 30 ഓളം കുടുംബങ്ങൾ ഇവിടെ നിന്നും കുടിയിറക്കപ്പെട്ടിരുന്നു.