നിയമ ലംഘനങ്ങൾ വർധിക്കുന്നതിനാൽ നോട്ടീസ് അയയ്ക്കാൻ കാലതാമസമുണ്ടാകുന്നതായി ഗതാഗത വകുപ്പ്
1417148
Thursday, April 18, 2024 5:32 AM IST
കോഴിക്കോട്: എഐ കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ പിഴക്കുള്ള നോട്ടീസ് അയയ്ക്കുന്ന കാര്യത്തിൽ കാലതാമസമുണ്ടാകാറുണ്ടെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. നോട്ടീസ് ലഭിക്കാൻ കാലതാമസമുണ്ടായെന്ന് പറഞ്ഞ് നിയമലംഘനം സാധൂകരിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ കൃത്യമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് ലഭിക്കാൻ കാലതാമസമുണ്ടായതു കാരണം ഭീമമായ പിഴത്തുക അടയ്ക്കേണ്ടി വന്നു എന്ന പരാതിയിൽ ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കോഴിക്കോട് ആർടിഒ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് കേസ് തീർപ്പാക്കി.
എഐ കാമറ നിയമലംഘനം കണ്ടെത്തുമ്പോൾ തന്നെ ഇ-ചെല്ലാൻ സ്വയമേവ പുറപ്പെടുവിക്കാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ നടപടികൾ പൂർത്തിയായാൽ, വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് എസ്എംഎസ് പോകും. തുടർന്ന് ചെല്ലാൻ കോപ്പിയും നിയമലംഘനത്തിന്റെ ഫോട്ടോയും വാഹന ഉടമയ്ക്ക് അയച്ചുകൊടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.