"സർക്കാർ റിപ്പോർട്ടിലെ തെറ്റ് തിരുത്തണം’
1416916
Wednesday, April 17, 2024 5:14 AM IST
താമരശേരി: പരിസ്ഥിതി സംവേദ പ്രദേശ (ഇഎസ്എ) കരടുവിജ്ഞാപനം അന്തിമമാക്കാനുള്ള നീക്കം പുരോഗമിക്കുന്പോൾ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണെന്ന് കർഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ പറഞ്ഞു.
2018ൽ സമർപ്പിച്ച സർക്കാർ റിപ്പോർട്ടിലെ തെറ്റു തിരുത്താൻ ഉടൻ നടപടി സ്വീകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
സർക്കാർ 2018ൽ നൽകിയ റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാനത്തെ 123 ഇഎസ്എ വില്ലേജുകളിൽ, 31 വില്ലേജുകളെ ഒഴിവാക്കിയപ്പോൾ ബാക്കിയുള്ള 92 വില്ലേജുകളിലെ വില്ലേജ് ഷേപ്പ് മാപ്പിൽ വ്യാപകമായി ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തെറ്റായി രേഖപ്പെടുത്തിയത് 2022 മെയ് 24 നു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കണ്ടെത്തിയിട്ടും നാളിതുവരെയായി സർക്കാർ റിപ്പോർട്ട് തിരുത്തി നൽകിയിട്ടില്ല.
31 വില്ലേജുകളെ ഒഴിവാക്കാൻ സർക്കാർ തെരഞ്ഞെടുത്ത മാനദണ്ഡം ഉപയോഗിച്ചാൽ ബാക്കിയുള്ള 92 വില്ലേജുകളിൽ പലതും ജനസാന്ദ്രത കൂടിയതും വനഭൂമി തീരെ കുറഞ്ഞതും പൂർണമായും ഒഴിവാക്കാൻ യോഗ്യതയുള്ളതുമാണ്.
കോഴിക്കോട് ജില്ലയിലെ ഒന്പത് വില്ലേജുകൾ പൂർണമായും ഒഴിവാക്കപ്പെടേണ്ടതാണെന്നും അദേഹം ചൂണ്ടിക്കാട്ടി.