കാട്ടുപോത്ത് ആക്രമണം: വനംവകുപ്പ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന്
1416363
Sunday, April 14, 2024 5:35 AM IST
കൂരാച്ചുണ്ട്: കക്കയത്ത് കാട്ടുപോത്തിന്റെ അക്രമണത്തിൽ പാലാട്ടിയിൽ ഏബ്രാഹാമിന്റെ മരണത്തെ തുടർന്ന് വനം വകുപ്പ് നാട്ടുകാർക്ക് നൽകിയ ഉറപ്പുകൾ പാലിക്കാതെ പാഴ്വാക്കുകളായി മാറിയെന്ന് എകെസിസി കക്കയം യൂണിറ്റ് കമ്മിറ്റി.
കർഷകൻ കൊല്ലപ്പെട്ട് നാൽപ്പത്തിയൊന്ന് ദിവസങ്ങൾ പിന്നിടുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് വനംവകുപ്പുമായി നടന്ന ചർച്ചകളിൽ തങ്ങൾക്ക് തന്ന രണ്ട് പ്രധാന ഉറപ്പുകൾ ഇനിയും പാലിക്കപ്പെട്ടിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
ക്രൂരമായ മനുഷ്യഹത്യയ്ക്ക് ശേഷവും കാട്ടുപോത്തുകളും കാട്ടാനകളും ജനവാസ മേഖലകളിൽ എത്തുന്നുണ്ട്. എന്നാൽ ആർആർടി സംഘം നാടുവിട്ടു. വന്യ ജീവികളെ പ്രതിരോധിക്കാൻ ഫെൻസിംഗ് സ്ഥാപിക്കുമെന്ന് പറഞ്ഞതും നടന്നില്ല. കക്കയം ഡാം സൈറ്റിൽ പ്രവർത്തിക്കുന്ന ഇക്കോ ടൂറിസവും ഹൈഡൽ ടൂറിസവും പ്രവർത്തനം പുനരാരംഭിക്കാതെയാണുള്ളത്. ഈ മേഖലകളിൽ ജോലി ചെയ്തിരുന്ന നിരവധി കുടുംബങ്ങൾ ഇപ്പോൾ പ്രതിസന്ധിയിലാണുള്ളത്.
ഡാം സൈറ്റ് റോഡിലൂടെ യാത്ര ചെയ്യേണ്ടിവരുന്ന കെഎസ്ഇബി ജീവനക്കാരും കർഷകരും ജീവൻ പണയം വച്ചാണ് ഇതുവഴി യാത്ര ചെയ്യുന്നത്. കർഷകൻ ഏബ്രാഹാം മരണപ്പെട്ടതിന് ശേഷം കളക്ടർ നൽകിയ ഉറപ്പുകൾ എത്രയും വേഗം നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഫാ. വിൻസെന്റ് കറുകമാലിൽ അധ്യക്ഷത വഹിച്ചു.
ജോൺസൺ കക്കയം, രാജി പള്ളത്താട്ടിൽ, തോമസ് വെളിയംകുളം, സജി കുഴുവേലി, ഡാർളി പുല്ലൻകുന്നേൽ എന്നിവർ പ്രസംഗിച്ചു.