വയനാട് വന്യജീവിസങ്കേതത്തിൽ വൻ കാട്ടുതീ
1415964
Friday, April 12, 2024 5:36 AM IST
സുൽത്താൻ ബത്തേരി: വയനാട് വന്യജീവിസങ്കേതത്തിൽ വൻകാട്ടുതീ. വന്യജീവിസങ്കേതത്തിലെ സുൽത്താൻ ബത്തേരി റേഞ്ചിൽ നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാരശേരി, കുറുന്പ്രനാട്, കൊട്ടനോട്, വെളളക്കോട്, നരിക്കൊല്ലി, ഏഴേക്കർ, മാറോട് വനമേഖലയിലാണ് ഇന്നലെ ഉച്ചയോടെ കാട്ടുതീപടർന്നത്.
തീപിടിത്തത്തിൽ വന്യജീവിസങ്കേതത്തിലെ മുപ്പത് ഹെക്ടറോളം ഉണങ്ങിയ മുളകളും അടിക്കാടും നിരവധി മരങ്ങളും കത്തിനശിച്ചു. കാരശേരിയിൽ ആടുകാലിയിൽ ഏലിയാസിന്റെയടക്കം ആറ് തെങ്ങുകൾ തീപിടിച്ചുനശിച്ചു. കൊട്ടനോട് വിഷ്ണുവിന്റെ റബർതോട്ടത്തിലേക്ക് തീപടരുകയും അടിക്കാടും ഏതാനും മരങ്ങളും കത്തിയമർന്നു. പതിനൊന്നോടെ പടർന്ന തീ വൈകിട്ട് നാലോടെയാണ് നിയന്ത്രണവിധേയമാക്കാനായത്.
കാരശേരി കൊട്ടനോട് മേഖലയിലാണ് രാവിലെ പത്തോടെയാണ് തീആദ്യം പടർന്നത്. ജനവാസകേന്ദ്രത്തോട് ചേർന്നുള്ള വനമേഖലയിലെ ഉണങ്ങിയ മുളങ്കൂട്ടങ്ങളിലും അടിക്കാടുകൾക്കും പടർന്ന തീ അതിവേഗം വ്യാപിക്കുകയായിരുന്നു. ഈ ഭാഗങ്ങളിൽ പൂത്തുണങ്ങിയ മുളങ്കൂട്ടങ്ങൾ ധാരാളമായി അടുത്തടുത്ത് നിൽക്കുന്നത് തീ വേഗത്തിൽ പടരാൻ ഇടയാക്കി. ശക്തമായി കാറ്റുകൂടിയായതോടെ തീ സമീപത്തെ ജനവാസകേന്ദ്രത്തിലെ തരിശുകിടക്കുന്ന കൃഷിയിടങ്ങളിലേക്ക് പടർന്നു.
ഇതോടെ കാരശേരി പ്രദേശത്തെ സ്വകാര്യവ്യക്തികളുടെ പറന്പുകളിലെ തെങ്ങുകളിലേക്കും തീപടർന്നു. തീകൂടുതൽ സ്ഥലങ്ങളിലേക്ക് പടരാൻ തുടങ്ങിയതോടെ നാട്ടുകാരും സ്ഥലത്തെത്തിയ ഫയർഫോഴ്സും വനംവുകപ്പും പോലീസും ചേർന്ന് തീയണക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. സമീപത്തെ തോട്ടിൽ നിന്ന് ബക്കറ്റുകളിൽ വെള്ളമെടുത്ത് ഒഴിച്ചും ബ്ലോവർ, ഹാന്റപന്പുപയോഗിച്ചും തീകെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങി.
ഫയർഫോഴ്സിന്റെ വലിയ വാഹനംപ്രദേശത്ത് എത്താൻ സൗകര്യമില്ലാത്തതും തീയണക്കാൻ വലിയ പ്രതിസന്ധിക്കിടയാക്കി. ഇതോടെ പച്ചചപ്പും ബീറ്ററും ഉപയോഗിച്ച് ഏറെ നേരെ പണിപ്പെട്ടാണ് ജനവാസകേന്ദ്രത്തിലേക്ക് പടരുന്നത് തടയാൻ സാധിച്ചത്.
ഈ ഭാഗത്തെ മുളങ്കൂട്ടങ്ങൾ കത്തിക്കഴിഞ്ഞതോടെ കൊട്ടനോട്, കുന്പ്രംകൊല്ലി മേഖലയിലേക്ക് തീവ്യാപിക്കാൻ തുടങ്ങി. കുന്പ്രംകൊല്ലിയിൽ തീപടർന്ന മുളങ്കൂട്ടത്തിൽ നിന്ന് കന്പുകൾ പന്നിഫാമിനുമുകളിൽ വീണ് വളർത്തുപന്നികൾക്കും പൊള്ളലേറ്റു. പട്ടമന ഷിബുവിന്റെ ഫാമിൽ പത്തോളം പന്നികൾക്കാണ് മേൽക്കൂരയിലെ പ്ലാസ്റ്റിക് ഷീറ്റുകൾ ഉരുകിദേഹത്തുവീണ് പൊള്ളലേറ്റത്.
ഫാമിൽ മുന്നോറോളം പന്നികളാണ് ഉണ്ടായിരുന്നത്. വനത്തിൽ മൂളങ്കൂട്ടങ്ങൾക്ക് തീപടർന്ന്പിടിക്കുന്നത് ശ്രദ്ദയിൽപെട്ടതോടെ പന്നികളെ കൂടുതുറന്ന് പുറത്തേക്ക് വിട്ടതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. ഇരുപത് ദിവസം പ്രായമായ 50ാളം കുഞ്ഞുങ്ങളും കൂട്ടിലുണ്ടായിരുന്നു.
കൊട്ടനോട് മേഖലയിൽ പ്രദേശവാസിയായ വിഷ്ണുവിന്റെ റബർ തോട്ടത്തിലേക്കും തീപടർന്ന് അടിക്കാടും ഏതാനും മരങ്ങളും കത്തിനശിച്ചു. പിന്നീട് തീ ഓടപ്പള്ളം വള്ളുവാടി പാതയോരത്തേക്കും നീങ്ങിയാണ് വൈകിട്ട് നാലോടെ നിയന്ത്രണവിധേയമായത്. തീയണക്കാൻ സുൽത്താൻ ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിൽ നിന്ന് നാല് യൂണിറ്റ് അഗ്നിശ്മന യൂണിറ്റുകൾ എത്തിച്ചേർന്നു.
ജില്ലാ ഫയർ ഓഫീസർ മൂസവടക്കേതിൽ, സുൽത്താൻ ബത്തേരി സ്റ്റേഷൻ ഓഫീസർ നിധീഷ്കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ഐപ് പൗലോസ്, സത്യപാലൻ, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാർ മാർട്ടിൻ സിജു, ഗോപീനാഥ്, സുജയ് ശങ്കർ, ശ്രീരാജ്, സജീവൻ, കീർത്തിക് കുമാർ, അരുണ്, സുനിൽകുമാർ, ധനീഷ്കുമാർ, വിനോദ്, ഹോം ഗാർഡ് ഷിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീയിൽ കത്തിയമർന്നത് എത്ര ഏക്കർ വനം
സുൽത്താൻ ബത്തേരി: കഴിഞ്ഞദിവസം വയനാട് വന്യജീവിസങ്കേതത്തിലെ സുൽത്താൻ ബത്തേരി മൂലങ്കാവ് കാരശേരി, കുന്പ്രംകൊല്ലി, കൊട്ടനോട് വനമേഖലകളിൽ എത്രഏക്കർ വനം കത്തിനശിച്ചുവെന്നതിന് വ്യക്തമായ കണക്കുകളില്ല.
വനംവകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് നാല് ഹെക്ടർ അടിക്കാടും ഉണങ്ങിയ മുളകളുമാണ് കത്തിചാന്പലായതെന്നാണ് പറയുന്നത്.
അതേസമയം തീയണക്കാൻ മണിക്കൂറുകളോളം പ്രയത്നിച്ച ഫയർഫോഴ്സ് പറയുന്നത് നൂറ് ഹെക്ടർഎന്നുമാണ്. പക്ഷേ യഥാർത്ഥത്തിൽ എത്രയേക്കർ തീപിടുത്തതിൽ നശിച്ചുവെന്നതിനെകുറിച്ച് വ്യക്തമായ ധാരണയില്ല.